റീസര്‍വെയുടെ പേരിലുള്ള പീഡനം നിര്‍ത്തണം: എന്‍ജിഒ സംഘ്

Thursday 19 October 2017 10:48 pm IST

തിരുവനന്തപുരം: റവന്യൂ മന്ത്രിയുടെ താത്പര്യപ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന റീസര്‍വെയുടെ പേരില്‍ ജീവനക്കാരെ പീഡിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുഴുവന്‍ നടക്കേണ്ട റീസര്‍വെ പ്രവര്‍ത്തനം അവതാളത്തിലാക്കി മന്ത്രിയുടെ ജില്ലയെന്ന പേരില്‍ കാസര്‍ഗോഡ് മാത്രമാണ് റീസര്‍വെ പ്രവര്‍ത്തനം നടത്തുന്നത്. സര്‍വെ വകുപ്പിലെ സര്‍വെയര്‍മാരെ ഉപയോഗിച്ചാണ് സാധാരണഗതിയില്‍ റീസര്‍വെ നടത്താറുള്ളുവെങ്കിലും ഈ വകുപ്പിലെ ഡ്രാഫ്റ്റ്‌സ്മാന്‍മാരെക്കൂടി റീസര്‍വെയ്ക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തല പ്രവര്‍ത്തനത്തിനുവേണ്ടി നിയമിക്കപ്പെട്ട ജീവനക്കാരെ വകുപ്പ് സംയോജനത്തിന്റെ പേരിലാണ് റീസര്‍വേയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ നിന്നു പോലും കാസര്‍ഗോഡ് റീസര്‍വെ പ്രവര്‍ത്തനത്തിനായി ജീവനക്കാരെ തുടര്‍ച്ചയായി നിയോഗിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തില്‍ എല്ലാ ജില്ലകളിലും റീസര്‍വെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജീവനക്കാരെ രാഷ്ട്രീയ താത്പര്യപ്രകാരം നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.