തളിപ്പറമ്പ് മേഖലകളിലെ സിപിഎം ലോക്കല്‍ കമ്മറ്റികളിലും ചേരിതിരിവ് രൂക്ഷം

Thursday 19 October 2017 10:48 pm IST

തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് മേഖലയിലെ ലോക്കല്‍ കമ്മറ്റികളിലും ചേരിതിരിവ് രൂക്ഷമായത് നേതൃത്വത്തിന് തലവേദനയായി. ചില ലോക്കല്‍ കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പുകളില്‍ മത്സരങ്ങള്‍ നടന്നതായാണ് സൂചന. കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ നടന്ന കുറ്റ്യേരി ലോക്കല്‍ സമ്മേളനത്തില്‍ മത്സരം നടന്നത് നേതൃത്വത്തെത്തന്നെ ഞെട്ടിച്ചിരുന്നു. തലശ്ശേരിയില്‍ ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകാന്‍ സാധ്യതയുണ്ടായെങ്കിലും ജില്ലാ സെക്രട്ടറി കണ്ണുരുട്ടി പേടിപ്പിച്ചതിനാല്‍ മത്സരം ഒഴിവാക്കുകയായിരുന്നു. അതുകൊണ്ട് ഇവിടെ ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കുറ്റ്യേരിയില്‍ ഏരിയാ കമ്മറ്റിയുടെ അംഗീകാരത്തോടെ അവതരിപ്പിച്ച ലോക്കല്‍ കമ്മറ്റി പാനലിനെതിരെ രണ്ടുപേരാണ് മത്സരിക്കാന്‍ ധൈര്യം കാട്ടിയത്. പങ്കെടുത്തവരില്‍ മൂന്നിലൊന്ന് വിഭാഗം ആള്‍ക്കാര്‍ ഇവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതും നേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പരിയാരം ലോക്കല്‍ സമ്മേളനത്തില്‍ ഏരിയാ, ലോക്കല്‍ കമ്മറ്റികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമുയര്‍ന്നിരുന്നു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായി. കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട നടപടികള്‍ക്കെതിരെ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും വിമര്‍ശനമുന്നിയിച്ചിരുന്നു. എന്നാല്‍ ശക്തമായ ഇടപെടല്‍ മൂലം ഇവിടെ കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടായിട്ടില്ല. കുറ്റ്യേരി ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത ജയരാജന്‍ ഇവിടെ മത്സരിച്ചവരെ തള്ളിപ്പറയാതെ നേതൃത്വത്തിന്റെ പോരായ്മകളെയാണ് ചൂണ്ടിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്. പഴയരീതിയിലല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നും നേരായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയിലെ മറ്റ് ലോക്കല്‍ കമ്മറ്റികളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.