വര്‍ഗീയ സംഘര്‍ഷത്തിന് സിപിഎം ശ്രമം: ശ്യാംകുമാര്‍

Thursday 19 October 2017 11:01 pm IST

കുന്നത്തൂര്‍(കൊല്ലം): ജനരക്ഷാ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചതിലൂടെ സിപിഎം വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ എം.സ്.ശ്യാംകുമാര്‍ പറഞ്ഞു. കുണ്ടറയില്‍ സിപിഎം ആക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകര്‍ ശ്രീകുമാര്‍, അനൂപ്, ഇന്ദുചൂഡന്‍ എന്നിവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിപ്പെരുന്നാള്‍ നടന്ന സ്ഥലത്ത് വച്ച് തന്നെ സിപിഎം ആക്രമം നടത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ സംഘട്ടനം ഒഴിവാകുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കൃഷ്ണന്‍കുട്ടി, ജില്ലാ കമ്മിറ്റിയംഗം ടി. കലേശന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ആല്‍ഫാ ജയിംസ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി.എന്‍. മുരളീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, ഇരവിപുരം മണ്ഡലം ഭാരവാഹികളായ തെക്കടം ഹരീഷ്, പ്രൊഫ. രാജ് കുമാര്‍, പഞ്ചായത്ത് സമിതി ജന.സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.