സോളാര്‍ പാര്‍ക്കിന് കാസര്‍കോട്ട് ഭൂമി

Thursday 19 October 2017 11:42 pm IST

തിരുവനന്തപുരം: സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപ പാട്ടത്തിന് നല്കാന്‍ മന്ത്രിസഭ അനുമതി. സോളാര്‍ പാര്‍ക്ക് മാത്രമേ നിര്‍മിക്കാവൂ എന്ന വ്യവസ്ഥയിലാണ് പാട്ടത്തിന് നല്കുന്നത്. കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈന്‍സ് പാക്കേജ്, ഉത്തരമേഖല എച്ച്ടിഎല്‍എസ് പാക്കേജ് എന്നീ പ്രവൃത്തികള്‍ കരാറുകാരെ ഏല്പ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. ഏറനാട് ലൈന്‍സ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ്. ട്രാന്‍സ്ഗ്രിഡ് പദ്ധതി 2021 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6,375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇടുക്കി ജില്ലയിലെ പത്തുചങ്ങല പ്രദേശത്ത് 40 വര്‍ഷത്തിലേറെയായി താമസിച്ച് കൃഷി ചെയ്തുവരുന്ന കുടുംബങ്ങള്‍ക്ക് ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്ന് മൂന്നു ചെയിന്‍ വിട്ടുള്ള സ്ഥലത്തിന് പട്ടയം നല്കാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുളള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാനും തത്ത്വത്തില്‍ തീരുമാനിച്ചു.