അക്രമത്തിന്റെ അന്തരീക്ഷത്തിന് അന്ത്യം കുറിക്കണം: കുമ്മനം

Thursday 19 October 2017 6:14 pm IST

  തിരുവനന്തപുരം: വികസനത്തിനും വികസന സംവാദത്തിനും അനിവാര്യവും അത്യന്താപേക്ഷിതവുമായ ആദ്യ നടപടി, അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തിന് അന്ത്യം കുറിക്കുക എന്നുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിവാദങ്ങളില്‍ മാത്രം നിര്‍ഭാഗ്യവശാല്‍ ഒതുങ്ങി നില്‍ക്കുന്ന ഇന്നത്തെ കേരളത്തിലെ അന്തരീക്ഷത്തില്‍ ആത്മാര്‍ത്ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നതെങ്കില്‍ ആ നിലപാട് സ്വാഗതാര്‍ഹമാണെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. വികസനത്തെക്കുറിച്ച് വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമുള്ളതാവണം നിര്‍ദ്ദിഷ്ട സംവാദം. കേരളത്തില്‍ മാത്രമല്ല രാഷ്ട്രമൊട്ടാകെ തന്നെ ഒരു വികസന സംവാദത്തിന് സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെയും കേരളത്തിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമെങ്കിലും ആരോഗ്യകരമായ ആശയവിനിമയം തെറ്റല്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കക്ഷിയില്‍ നിന്ന് എത്രമാത്രം സഹകരണം ഉണ്ടാകും എന്നതാണ് കാതലായ ചോദ്യം. ആ ദിശയിലുള്ള ക്രിയാത്മകമായ നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇത് വെറും വാചാടോപമായി മാത്രം അധഃപതിക്കും. കേരളം വികസന പ്രതിസന്ധി നേരിടുന്നു എന്നുള്ള വസ്തുത കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളില്‍ പലവട്ടം സമ്മതിച്ചതാണ്. വര്‍ഷാവര്‍ഷം അവതരിപ്പിക്കുന്ന ബജറ്റ് പ്രസംഗങ്ങള്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷമവൃത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാനം ഉറ്റു നോക്കുന്നത് കേന്ദ്ര നേതൃത്വത്തെയാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും കര്‍ശന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയും മൂലം കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥ തുടരുകയും 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുമുള്ള സത്വര നടപടികളാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്ന് കുമ്മനം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.