ഡെങ്കിബാധയില്‍ 'ഒന്നാമത്'; ഇതോ ആരോഗ്യ കേരളം?

Friday 20 October 2017 12:34 am IST

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവുമധികം ഡങ്കിപ്പനി ബാധിതരുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് 18,908 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതില്‍ 35 രോഗികള്‍ക്ക് ജീവന്‍ നഷ്ടം. പനി ബാധിച്ച് മരിച്ച 231 പേര്‍ക്ക് ഡെങ്കിപ്പനിയായിരുന്നോയെന്നും സംശയം. ഇക്കാര്യം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയെ മാതൃകയാക്കൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉപദേശിക്കുമ്പോഴാണ് അതേ 'കേരള മോഡല്‍' നാണക്കേടാകുന്നത്. യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പനി ബാധയുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ വന്നില്ലെന്നതും ശ്രദ്ധേയം. യുപിയില്‍ 1,903 പേര്‍ക്ക് മാത്രമാണ് ഡെങ്കി ബാധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കേരളത്തില്‍ 7,439 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്നായിരുന്നു കണക്ക്. ഇത്തവണ 11,469 ആയി വര്‍ധിച്ചു. 154 ശതമാനമാണ് വര്‍ധന. രാജ്യമാകെ 87,018 ഡെങ്കിപ്പനിയാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 21.73 ശതമാനവും കേരളത്തില്‍. ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷം പനിബാധിതരുടെ എണ്ണം 1,29,166 ആയിരുന്നു. ഇത്തവണ ഇത് വന്‍തോതില്‍ നിയന്ത്രിച്ചപ്പോഴാണ് കേരളത്തില്‍ ഡെങ്കിപ്പനി നിയന്ത്രണാതീതമായി പടര്‍ന്നത്. 2016ല്‍ 13 പേരാണ് കേരളത്തില്‍ മരിച്ചത്. എന്നാല്‍, ഈ വര്‍ഷം ഒക്‌ടോബര്‍ ആയപ്പോള്‍ത്തന്നെ സ്ഥിരീകരിച്ചതും സംസ്ഥാന ആരോഗ്യ വകുപ്പ് സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായി 266 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ആരോഗ്യ രംഗത്ത് കേരളം ഒന്നാമതെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി നിയന്ത്രണാതീതമായി പടരുമെന്ന് കഴിഞ്ഞ ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും മുന്‍കരുതലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് രോഗബാധയിലും മരണത്തിലുമുണ്ടായ വന്‍ വര്‍ധനയ്ക്കു കാരണം. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 13,235 പേര്‍ക്കും മൂന്നാമതുള്ള തമിഴ്‌നാട്ടില്‍ 12,945 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. തമിഴ്‌നാട്ടില്‍ നാല്‍പ്പതും കര്‍ണാടകയില്‍ അഞ്ചും രോഗികള്‍ മരിച്ചു.