പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

Friday 20 October 2017 11:23 pm IST

കൊച്ചി: ഉജ്ജ്വല വാഗ്മിയും തത്ത്വചിന്തകനും ബഹുഭാഷാ പണ്ഡിതനും തലമുറകള്‍ക്ക് ഗുരുശ്രേഷ്ഠനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. എഴുപത്തിനാലു വയസ്സായിരുന്നു. മഹാഭാരത പര്യടനം: മഹാഭാരതദര്‍ശനം പുനര്‍വായനഎന്ന കൃതിയിലൂടെ ഇതിഹാസത്തിന് മഹത്തായ വ്യാഖ്യനം രചിച്ച തുറവൂര്‍ വിശ്വംഭരന് പുരാണം, ഇതിഹാസം, വേദം എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സാഹിത്യം, സംസ്‌കാരം, കല, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃത ചാനലില്‍ തുടര്‍ന്നിരുന്ന 'ഭാരതദര്‍ശനം' ഭാരതീയ ദര്‍ശനങ്ങളുടെ ആധികാരിക പഠനങ്ങളായിരുന്നു. മലയാളം,സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മ്മന്‍, തമിഴ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ട്. ഗ്രീക്, ലാറ്റിന്‍ ഭാഷകളും വശമാക്കി. സാഹിത്യം, ഭാഷ, സംസ്‌കാരം എന്നീ മേഖലകളില്‍ ഗവേഷണങ്ങള്‍ നടത്തി. ഭാരതീയ ദര്‍ശനങ്ങളിലും ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ ജീവിതദര്‍ശനങ്ങളെക്കുറിച്ചും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ജനനം 1943-ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍. സംസ്‌കൃത പണ്ഡിതനായ അച്ഛന്‍ പത്മനാഭനില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചത്. അമ്മ: മാധവി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം അവിടത്തന്നെ ഏറെക്കാലം അധ്യാപകനായി. കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ മലയാളം വിഭാഗം ലക്ചറര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാലയുടെ നിരവധി പാഠ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികള്‍ തയാറാക്കുന്ന സമിതിയിലും അംഗമായിരുന്നു. എറണാകുളത്ത് അയ്യപ്പന്‍കാവിലായിരുന്നു താമസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ മത്സരിച്ചു. കുരുക്ഷേത്ര പ്രകാശന്റെ മാനേജിംഗ് ഡയറക്ടര്‍, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ട്രസ്റ്റി, തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷന്‍, അമൃതഭാരതി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃത കീര്‍ത്തി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്‌കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്‌കൃതപണ്ഡിതര്‍ക്കായി ഏര്‍പ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ഡോ. സി. പി. മേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എറണാകുളം ടൗണ്‍ഹാളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: കാഞ്ചന വിശ്വംഭരന്‍ (റിട്ട. അദ്ധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മക്കള്‍: മഞ്ജു ( ഐ.ടി. പ്രൊഫഷണല്‍), സുമ (അദ്ധ്യാപിക, അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: വിജയ് (ഐടി പ്രൊഫഷണല്‍), ഡോ. രഞ്ജിത്ത് (തൃപ്പൂണിത്തുറ). 'കടല്‍പോലെ ഗംഭീരം അഗാധം'