ആംബുലന്‍സിന് തടസം സൃഷ്ടിച്ച സംഭവം: കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

Friday 20 October 2017 10:26 am IST

കൊച്ചി: ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിച്ച കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനെ(28)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ പെരുമ്പാവൂരില്‍ നിന്നും അത്യാസന്ന നിലയിലുള്ള കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സിനെകടത്തിവിടാതെ കാര്‍ മാര്‍ഗതടസമുണ്ടാക്കുകയായിരുന്നു. വെളുപ്പിനെ അഞ്ച് മണിയോടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ ആലുവ രാജഗിരി ആശുപത്രിക്ക് മുന്നില്‍ നിന്നാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് വാഹനം ആംബുലന്‍സിന് മുന്നില്‍ കയറിയത്. തുടര്‍ന്ന് കളമശ്ശേരി വരെ ആംബുലന്‍സിനെ കടത്തി വിടാതെ മാര്‍ഗ തടസം സൃഷ്ടിക്കുകയാണ് കാര്‍ ഡ്രൈവര്‍ ചെയ്തതെന്ന് ആംബുലന്‍ ഓടിച്ച മധു പറയുന്നു. ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസമുണ്ടായതിനാലാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ടായിരുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ സൈഡ് നല്‍കുമ്പോള്‍ ഈ കാര്‍ ബോധപൂര്‍വം സൈഡ് നല്‍കിയില്ലെന്നാണ് പരാതി. ഇരുപത് കിലോമീറ്റര്‍ ഒരു ആംബുലന്‍സിന് പതിനഞ്ചു മിനിറ്റു കൊണ്ടെത്താം. എന്നാല്‍ മുപ്പത്തഞ്ചു മിനിറ്റെടുത്താണ് മധു കളമശേരി വരെ ഓടിയെത്തിയത്. കൂടെ മറ്റൊരു ഡ്രൈവര്‍ ഉണ്ടായിരുന്നതിനാല്‍ കാറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആംബുലന്‍സിന് സൈഡ് നല്‍കി കയറ്റിവിടാതിരുന്നത് നവമാധ്യമങ്ങളില്‍ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. എന്നാല്‍ ആംബുലന്‍സിന് വഴി തെളിച്ച് നല്‍കാനാണ് താന്‍ ശ്രമിച്ചതെന്നാണ് കാര്‍ ഡ്രൈവറുടെ പക്ഷം. വാഹനമോടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ. സി.എസ്. അയ്യപ്പന്‍ അറിയിച്ചു. വാഹനത്തിന്റെ നമ്ബര്‍ ഉപയോഗിച്ച് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.