2022ഓടെ ഇന്ത്യ വികസിത രാജ്യമാകും

Friday 20 October 2017 1:05 pm IST

ഡെറാഡൂണ്‍: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി തന്നെ പൂര്‍ണമായി സമര്‍പ്പിക്കുന്നുവെന്ന് കേദാര്‍നാഥില്‍ നരേന്ദ്രമോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാര്‍പുരി ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേദാര്‍നാഥ് ക്ഷേത്രസന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ടൗണ്‍ഷിപ്പ് വികസനത്തിനായി വിവിധ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. 2013 ലെ ഉത്തരാഖണ്ഡ് പ്രളയക്കെടുതി ഓര്‍മ്മപ്പെടുത്തിയ പ്രധാനമന്ത്രി അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ താന്‍ എത്തിച്ചേര്‍ന്നത് അനുസ്മരിച്ചു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ തന്റെ നടപടി സമ്മര്‍ദ്ദത്തിലാക്കിയെന്ന് മോദി പറഞ്ഞു. കേദാര്‍പുരി ടൗണ്‍ഷിപ്പ് വികസത്തില്‍ തന്റെ പ്രത്യേക താല്‍പര്യം വ്യക്തമാക്കിയ പ്രധാനമന്ത്രി റോഡുകള്‍ വികസിപ്പിക്കുന്നതിനും പൂജാരിമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി മന്ദാകിനി നദീതടത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ആദി ശങ്കരാചാര്യ തീര്‍ത്ഥാടന കേന്ദ്ര വികസനത്തിന് പണം തടസമാകില്ല. അതിനായി കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് കൂടുതല്‍ നിക്ഷേപങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ.കെ പോള്‍, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.