രവീന്ദര്‍ ഗോസായി വധക്കേസ് എന്‍ഐഎ അന്വേഷിക്കും

Friday 20 October 2017 1:18 pm IST

ന്യൂദല്‍ഹി: ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗോസായി വധക്കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ആര്‍എസ്എസിന്റെ ആവശ്യപ്രകാരമാണ് കേസ് എന്‍ഐഎയ്ക്ക് വിടാന്‍ തീരുമാനിച്ചതെന്നും സിങ് വ്യക്തമാക്കി. രവീന്ദര്‍ ഗോസായിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും മക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. ലുധിയാനയിലെ കൈലാഷ് നഗര്‍ പ്രദേശത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കഴിഞ്ഞ ദിവസം രവീന്ദര്‍ ഗോസായിയെ വധിച്ചത്. ശാഖയില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ആക്രമണം. രവീന്ദര്‍ ഗോസായി സംഭവ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്നും അക്രമികള്‍ രക്ഷപെട്ടുവെന്നുമാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ കൊലയാളികളുടെ ചിത്രം പോലീസ് കണ്ടെടുത്തിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കൊലപാതകം ആസൂത്രിതമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംഭവം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശക്തമായ നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.