ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം തേടി സ്റ്റാര്‍ട്ടപ്പ് മിഷന്‍

Friday 20 October 2017 2:08 pm IST

തിരുവനന്തപുരം: നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍ (കെഎസ്‌യുഎം) രൂപംനല്കിയ സാമ്പത്തിക സഹായ പദ്ധതിയായ 'ഐഡിയ ഡേ' ഗ്രാമീണ ജീവിതത്തിലെ പ്രശ്‌നങ്ങളും ഊര്‍ജപ്രതിസന്ധിയും പരിഹരിക്കുന്നതിന് സാങ്കേതികവിദ്യകള്‍ തേടുന്നു. ഇതിന്റെ ഭാഗമായി ഐഡിയ ഡേയുടെ രണ്ടും മൂന്നും പതിപ്പുകള്‍ യഥാക്രമം നവംബര്‍ 4 ന് ഗ്രാമീണമേഖലയെ അടിസ്ഥാനമാക്കിയും 11 ന് ഹരിത ഊര്‍ജോത്പാദനത്തിലെ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയും പാല സെന്റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സംഘടിപ്പിക്കും. അന്ധതയെ അതിജീവിച്ച് നൈപുണ്യവികസന മേഖലയില്‍ പ്രവര്‍ത്തിക്കാനായി ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപിച്ച ടിഫാനി ബ്രാറിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ആഗോള വിപണിവികസന സാധ്യതയുള്ള ഉത്പന്നത്തിന് 12 ലക്ഷംരൂപ വരെ കെഎസ്‌യുഎം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തില്‍നിന്നുള്ള സംരംഭകര്‍ക്കും സഹായം ലഭ്യമാകും. ഒരു ഉത്പന്നത്തിന്റെ ആശയപ്രസ്താവനയും ആദ്യ മാതൃകയും സ്വന്തമായുള്ള വ്യക്തികള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ ഇന്‍കുബേഷനില്‍ ഉള്ളതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഡിയ ഡേയിലൂടെ ഇന്നവേഷന്‍ ഗ്രാന്റിനായി അപേക്ഷിക്കാം. എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ചയാണ് ഐഡിയ ഡേ സംഘടിപ്പിച്ചിട്ടുള്ളത്. ഈ ദിവസം അവതരിപ്പിക്കപ്പെടേണ്ട ഉത്പന്നങ്ങളും ആശയങ്ങളുമായി വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എല്ലാ മാസവും 25 വരെ അപേക്ഷിക്കാം. തെരഞ്ഞെടുത്ത അപേക്ഷകരെ ഐഡിയ ഡേക്ക് അഞ്ചുദിവസം മുമ്പ് വിവരം അറിയിക്കും. തെരഞ്ഞെടുക്കപ്പെടാത്ത വിവരവും 30 നകം ഇമെയിലിലൂടെ അറിയിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.