അല്പശി ഉത്സവത്തിന് കൊടിയേറി

Friday 20 October 2017 2:16 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്പശി ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റിനുള്ള കൊടിക്കൂറ സ്വര്‍ണത്തട്ടത്തില്‍ ഉണക്കലരി ഇട്ട് അതിന്മേല്‍ വച്ച് എഴുന്നെള്ളിക്കുമ്പോള്‍ ശ്രീമുഖമണ്ഡപത്തില്‍ പാണിവിളക്ക് കത്തിച്ചു. തന്ത്രിയുടെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് കൊടിക്കൂറ എഴുന്നെള്ളിക്കാന്‍ പാണികൊട്ടി തന്ത്രിയുടെ പുറകെ പെരിയനമ്പി കൊടിക്കൂറയും കൊടിക്കയറുമായി പഞ്ചവാദ്യ അകമ്പടിയോടെ കിഴക്കേനടയ്ക്ക് പുറത്തിറങ്ങി കൊടിമരച്ചുവട്ടില്‍ തെക്കു പടിഞ്ഞാറേ കോണില്‍ എഴുന്നെള്ളിച്ചു. കൊടിമരം പൊതിയുന്നതിനുള്ള അരശിന്‍ കുഴ, മാവിന്‍ കുഴ, ദര്‍ഭപുല്ല് എന്നിവ ആഴാതി ഹാജരാക്കിയിരുന്നു. കൊടിമരച്ചുവട്ടില്‍ പുണ്യാഹവും നാന്ദിമുഖം ദക്ഷിണയും കഴിച്ച് നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റു നടന്നു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ നിന്ന് രണ്ടു രണ്ടരക്കോല്‍ മുകളില്‍ കീഴ്ശാന്തിമാര്‍ അരശിന്‍ കുഴ, മാവിന്‍കുഴ, ദര്‍ഭപ്പുല്ല് എന്നിവ വച്ചു കെട്ടി കൊടിയേറ്റി. തുടര്‍ന്ന് തിരുവമ്പാടിയിലും കൊടിയേറ്റു നടന്നു. കൊടിയേറ്റിനുള്ള രണ്ടു കൊടികളിലും മധ്യഭാഗത്തായി ഗരുഡരൂപം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ജീവനക്കാരനായ സുരേഷാണ് ആലേഖനം ചെയ്തത്. കൊടിയേറ്റുന്നതിനുള്ള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് എത്തിച്ചത്. കൊടിയേറ്റിനുശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ആഫീസര്‍ വി. രതീശന്‍ കൊടിമരത്തിനു സമീപം ഗരുഡവിഗ്രഹത്തിനു സമീപത്തുവച്ച് വാര്യമുറക്കാര്‍ ക്ഷേത്രകാര്യം മുതലായവര്‍ക്ക് വെറ്റില, പാക്ക് ദക്ഷിണ നല്കി. ഭരണസമിതി ചെയര്‍മാന്‍ കെ. ഹരിലാല്‍, ഭരണസമിതി അംഗം എസ്. വിജയകുമാര്‍, രാജകുടുബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, എഇഒ സുരേഷ്ബാബു, എസ്എഫ്ഒ ഉദയഭാനു കണ്ടേത്ത്, മാനേജര്‍ ശ്രീകുമാര്‍, ശ്രീകാര്യം നാരായണ അയ്യര്‍, അസി. ശ്രീകാര്യം ഗിരീഷ് പോറ്റി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്കേഷന്‍ സൂപ്രണ്ട് ഡി. അച്യുതന്‍ എന്നിവരും മറ്റു ക്ഷേത്ര ഉദേ്യാഗസ്ഥരും പോലീസ് സുരക്ഷാവിഭാഗം മേധാവികളും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.