ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പിലാക്കും: മന്ത്രി

Friday 20 October 2017 2:17 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളില്‍ അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ ഏകീകൃത സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല പദ്ധതി അവലോകന യോഗത്തില്‍ ധാരണയായതായി മന്ത്രി അഡ്വ കെ. രാജു അറിയിച്ചു. സംവിധാനം നിലവില്‍ വരുന്നതോടെ ക്ഷീരസംഘങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകും. ക്ഷീരകര്‍ഷകരെയും ഉരുക്കളെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്കി. ക്ഷീരവികസന വകുപ്പ്, മില്‍മ മേഖലാ യൂണിയനുകള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയവയുടെ നടപ്പുവര്‍ഷത്തെ പദ്ധതിപുരോഗതി മന്ത്രി വിലയിരുത്തി. ക്ഷീരസഹകരണ സംഘങ്ങളിലെ പരിശോധന കൃത്യമായ ഇടവേളകളില്‍ കര്‍ശനമായി നടത്താനും, പാല്‍ ഉപഭോഗം സംബന്ധിച്ച് പ്രാദേശിക ആഡിറ്റിംഗ് നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. സാധാരണക്കാര്‍ക്ക് അത്താണിയാവുന്ന വിധത്തില്‍ മില്‍മ നടത്തുന്ന ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു. ക്ഷീരവികസനവകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ പുകഴേന്തി ഐഎഫ്എസ്, ഡയറി ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് സിഇഒ ഉള്‍പ്പെടെ വിവിധ ഉദേ്യാസ്ഥരും യോഗത്തില്‍ പങ്കെടുത്തു.