സരിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി

Friday 20 October 2017 3:43 pm IST

തിരുവനന്തപുരം: സരിത നായര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ പരാതി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറി. സരിത മുന്‍പ് നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും സോളാര്‍ അന്വേഷണ സംഘത്തിനും എതിരേ സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ദൂതന്‍ മുഖേന 17 പേജുള്ള പരാതിയാണ് സരിത നല്‍കിയിരിക്കുന്നത്. പിന്നീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് പരാതി കൈമാറുകയായിരുന്നു. സരിതയുടെ പരാതിയില്‍ തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത മാസം ഒന്‍പതിന് നിയമസഭ ചര്‍ച്ച ചെയ്യാനിരിക്കെ പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പരാതി സംബന്ധിച്ച് എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.