ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറയണം

Friday 20 October 2017 4:01 pm IST

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബിലെ ജാലിയന്‍ വാലാബാഗില്‍ സ്വാതന്ത്ര്യ സമരസേനാനികളെ കൊന്നൊടുക്കിയതിന് ബ്രിട്ടന്‍ ക്ഷമ പറയണമെന്ന് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ്മ. ഈ ആവശ്യം ഉന്നയിക്കുന്ന പ്രമേയം അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കൂട്ടക്കൊലയ്ക്ക് പ്രധാനമന്ത്രി തെരേസാ മെയ് മാപ്പു പറയണം. ചരിത്രത്തിലെ നാണം കെട്ട ഈ അധ്യായം ബ്രിട്ടനിലെ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണത്. അതാണ് അവസാനത്തിന്റെ തുടക്കമെന്നാണ് പലരും പറയുന്നത്. ഇന്ത്യയുടെ സ്വതന്ത്ര്യ സമരത്തെ ധീരമാക്കിമാറ്റിയത് ആ സംഭവമാണ്. അതിനെ അനുസ്മരിക്കണം. മ്‌ളേച്ഛമായ ആ സംഭവത്തെ ബ്രിട്ടന്‍ തള്ളിപ്പറയണം.191ല്‍ നടന്ന സംഭവത്തിന്റെ നൂറാം വാര്‍ഷികം അടുക്കാറായി. അത് അനുസ്മരിക്കുകയും മാപ്പു പറയുകയും ചെയ്യുക അനുയോജ്യമാണ്. മുന്‍പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അതിനെ അലപിച്ചിട്ടുമുണ്ട്. ശര്‍മ്മ തുടര്‍ന്നു. ഇന്ത്യന്‍ വംശജനായ ശര്‍മ്മ ജനപ്രതിനിധി സഭയിലെ ഈലിങ്ങ് സൗത്താളില്‍ നിന്നുള്ള എംപിയാണ്.