ഭൂമി കയ്യേറ്റം; രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ജില്ലാഭരണകൂടം പൂഴ്ത്തി

Friday 20 October 2017 6:03 pm IST

ഇടുക്കി: ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ജില്ലാഭരണകൂടം മുക്കി. 2016 നവംബര്‍ 22ന് 'കെഡിഎച്ച് വില്ലേജിലെ അനധികൃത കയ്യേറ്റങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രഹസ്യാന്വേഷണ വിഭാഗം രണ്ട് പേജ് റിപ്പോര്‍ട്ട് നല്‍കി. 1974-ല്‍ കണ്ണന്‍ദേവന്‍ കമ്പനിയില്‍നിന്ന് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത്, തരിശുഭൂമിയായി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ പ്രദേശത്തെ കയ്യേറ്റങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. മൂന്നാര്‍ കെഎപി ക്യാമ്പിന് സമീപമുള്ള റവന്യൂ ഭൂമിയിലും കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ രഹസ്യാന്വേഷണ വിഭാഗം മൂന്നാര്‍ സ്‌പെഷ്യല്‍ ഓഫീസിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് കയ്യേറ്റങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. ഈ റിപ്പോട്ടാണ് പൂഴ്ത്തിയത്. മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ദേശിയ പാതയ്ക്കരികില്‍ ലക്കം വെള്ളച്ചാട്ടത്തിന് സമീപം അനധികൃതമായി കടകള്‍ നിര്‍മ്മിച്ചതാണ് മറ്റൊരു റിപ്പോര്‍ട്ട്. ലക്കം സ്വദേശിയാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് നല്‍കി ഒരുവര്‍ഷമായിട്ടും കടകള്‍ നീക്കം ചെയ്തില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. പള്ളിവാസല്‍ ചിത്തിരപുരം ഹൈസ്‌കൂളിന്റെ പത്തേക്കര്‍ വസ്തു കയ്യേറ്റക്കാരുടെ പക്കലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേവികുളം ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിട്ടും ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ കേരള ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടും ഫയലില്‍ ഉറങ്ങുകയാണ്. മൂന്നാര്‍ ടൗണില്‍ ന്യൂ കോളനി ഭാഗത്തെ ഭൂമാഫിയ വ്യാജ രേഖകളുണ്ടാക്കി ഭൂമി മറിച്ച് വില്‍ക്കുന്ന വിവരം രഹസ്യാന്വേഷണം വിഭാഗം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വ്യാജ കൈവശരേഖകള്‍ ഉണ്ടാക്കാന്‍ തൃശൂര്‍ ജില്ലക്കാരനായ മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഹായം നല്‍കിയെന്നും വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍കേസെടുക്കേണ്ട ഈ സംഭവത്തിലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ ടൗണില്‍നിന്നും പഴയ മൂന്നാറിലേക്ക് പോകുന്ന ദേശീയ പാതയോരത്ത് റോഡ് പുറമ്പോക്ക് കൈയേറി സിപിഐ നേതാവിന്റെ ബന്ധു കടയും വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ച മറ്റൊരു റിപ്പോര്‍ട്ട്. സിപിഐ നേതാവിന്റെ ഒത്താശയോടെയാണ് ഈ കയ്യേറ്റങ്ങളെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിലും തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാഭരണകൂടം തയ്യാറായില്ല. മറയൂര്‍ ചുരക്കുളം പടുന്തി ഭാഗത്ത് 20 സെന്റ് പുഴപ്പുറമ്പോക്ക് കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതും റവന്യൂവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മൂന്നാര്‍ കെഎപി ഡിറ്റാച്ച്‌മെന്റ് കാമ്പിന്റെ പരിസരം കയ്യേറ്റ ഭീഷണിയിലാണ്. ഇവിടുത്തെ അഞ്ചേക്കറോളം പ്രദേശം കയ്യേറ്റക്കാരുടെ പിടിയാണെന്നും ഭൂമി സംരക്ഷണഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കണമെന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന് സമീപം മുതിരപ്പുഴയാറിന്റെ രണ്ടേക്കറോളം തീരം കോണ്‍ഗ്രസ് നേതാവ് കയ്യേറിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കെഡിഎച്ച് വില്ലേജില്‍ രാജീവ് ഗാന്ധി കോളനിയില്‍ നിരവധി കെട്ടിടങ്ങള്‍ മണ്ണിടിച്ച് നിരത്തി നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴും അനധികൃത കെട്ടിട നിര്‍മ്മാണം തുടരുകയാണ്. അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയായ ദേവിയാര്‍ കോളനിയില്‍ ദേവിയാര്‍ തോട് കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നതും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവികുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചൊക്രമുടിയിലും സൈലന്റ് വാലിയിലും ആവേ മറിയ പള്ളിവിശ്വാസികള്‍, ഗൂഡാര്‍വിള കത്തോലിക്ക പള്ളി വിശ്വാസികള്‍ എന്നിവര്‍ വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.