ഐഎസിലെ മലയാളികളുടെ സന്ദേശം: യാത്ര അവസാനിക്കുക സ്വര്‍ഗ്ഗത്തില്‍

Friday 20 October 2017 6:07 pm IST

കാസര്‍കോട്: ഐഎസ് ഭീകര കേന്ദ്രങ്ങളില്‍ നിന്ന് വീണ്ടും സന്ദേശമെത്തി. ഞങ്ങളുടെ യാത്ര അവസാനിക്കുക സ്വര്‍ഗ്ഗത്തിലാണ്, ഇനി ഒരു മടക്കമില്ല. കാസര്‍കോട് തൃക്കരിപ്പൂരിലെ പടന്നയില്‍ നിന്ന് പോയ അഫ്താഖ് മജീദാണ് നാട്ടിലുള്ള പൊതുപ്രവര്‍ത്തകനായ ബി.സി.എ.റഹ്മാന്റെ ഫോണിലേക്ക് സന്ദേശമയച്ചത്. സുഖമായിരിക്കുന്നുവെന്നും അവിടെ ഇപ്പോള്‍ പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും എവിടൊക്കെ ഖിലാഫത്ത് ഉണ്ടോ അവിടെയെല്ലാം പ്രശ്‌നമുണ്ടെന്നും മറുപടി നല്‍കിയിട്ടുണ്ട്. അഫ്താഖ് മജീദ് താമസിക്കുന്ന സ്ഥലത്ത് പ്രശ്‌നമുണ്ടെന്ന് ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നത്. സിറിയയില്‍ നിന്നും കുറേ ഇന്ത്യക്കാരെ തടവിലാക്കി തിരിച്ചയച്ചു. നിങ്ങള്‍ക്കും തിരിച്ച് പോന്നൂടെ. നിങ്ങളുടെയും ഭാര്യമാരുടെയും, കുട്ടികളെയും വേദന ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തുടങ്ങിയ സന്ദേശങ്ങള്‍ക്ക് എനി ഒരു മടക്കം ഇല്ലായെന്ന് മജീദ് തീര്‍ത്തു പറഞ്ഞുകൊണ്ടാണ് ചാറ്റിംഗ് അവസാനിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭികര സംഘടനയായ ഐഎസിന്റെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ നിന്നാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.