1500 കോടി അടിയന്തരമായി വേണമെന്ന് എയർ ഇന്ത്യ

Friday 20 October 2017 6:34 pm IST

ന്യൂദല്‍ഹി: പ്രവര്‍ത്തന മൂലധനമായി അടിയന്തരമായി 1500 കോടി രൂപ വേണമെന്ന് എയറിന്ത്യ. ഹൃസ്വകാല വായ്പ്പായി ഇത്രയും എങ്കിലും ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂയെന്നാണ് അവരുടെ നിലപാട്. ഓഹരി വിറ്റഴിച്ച് എയറിന്ത്യയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രം. അതിനിടെയാണ് ബാങ്കുകളില്‍ നിന്ന് 1500 കോടി രൂപ വായ്പയെടുത്തും സ്ഥാപനത്തെ രക്ഷിച്ചു നിര്‍ത്താന്‍ മാനേജ്‌മെന്റും ശ്രമം തുടങ്ങിയത്. ബാങ്കുകള്‍ വായ്പ്പ നല്‍കിയാല്‍ 2018 ജൂണ്‍ 27 വരെ കേന്ദ്രം ഗാരന്റി നില്‍ക്കും. അതിനകം എയറിന്ത്യയ്ക്ക് എങ്ങനെയും വായ്പ്പ സംഘടിപ്പിച്ചേ കഴിയൂ. ഇപ്പോള്‍ എയറിന്ത്യയുടെ കടം 50,000 കോടി രൂപയാണ്.