സോളാര്‍: മുഖ്യമന്ത്രി പിണറായിയുടെ നിലപാട് ദുരൂഹം- സുരേന്ദ്രന്‍

Friday 20 October 2017 7:24 pm IST

കോഴിക്കോട്: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ ഇരുട്ടില്‍തപ്പുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫ് നേതാക്കളെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. സോളാര്‍ കമ്മീഷന്റെ റിപ്പാര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണം പത്ത് ദിവസമായിട്ടും ആരംഭിച്ചിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഇടതു സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ ഒത്ത് തീര്‍പ്പിന്റെ ഭാഗമാണിത്. സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പിന്റെ കാലത്ത് ആരംഭിച്ച ഒത്തുതീര്‍പ്പിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരിലാണോ പഴയ ഒത്തുതീര്‍പ്പുകളിലെ ബാക്കിപത്രമാണോ നടപടി വൈകിപ്പിക്കുന്നതെന്ന് വ്യക്തമാക്കണം. പുതിയ നിയമോപദേശം തേടുമെന്ന ഭാഷ്യം ലഭിച്ച നിയമോപദേശം തെറ്റാണെന്ന് തുറന്ന് സമ്മതിക്കലാണ്. ഈ സാഹചര്യത്തില്‍ അഭിമാനമുണ്ടെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡ്വക്കറ്റ് ജനറലും തല്‍സ്ഥാനം ഒഴിയണം. മന്ത്രിസഭയിലുള്ള ഭിന്നിപ്പോ സിപിഎമ്മിനുള്ളിലെ ആഭ്യന്തര തര്‍ക്കമോ എന്താണ് തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സപിഎം എന്തോ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയും തീരുമാനവും എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. തിരക്കിട്ട് നടപടികള്‍ പ്രഖ്യാപിച്ച പിണറായിയുടേത് രാഷ്ട്രീയ നാടകമാണോ എന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസുമായും ഉമ്മന്‍ചാണ്ടിയുമായും ബന്ധമുള്ള ജഡ്ജിയോടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമോപദേശം തേടുന്നത്. എന്ത് അപാകതയാണ് സര്‍ക്കാറിന് ആദ്യം ലഭിച്ച നിയമോപദേശത്തില്‍ ഉണ്ടായത്. പുതിയ നിയമോപദേശം നേടാനുള്ള നീക്കത്തിന് പിന്നില്‍ യുഡിഎഫ് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന് വ്യക്തമാക്കണം. കമ്മീഷനു മുമ്പില്‍ സ്ത്രീ തെളിവ് നല്‍കിയതിനുശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജാഗ്രതയില്ലാതെ പ്രഖ്യാപിച്ച അന്വേഷണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.