ട്രൈബ്യൂണല്‍: സെന്‍കുമാറിന് കേസുകള്‍ വിനയായി

Friday 20 October 2017 7:29 pm IST

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള നിയമനം തടഞ്ഞത് പോലീസ് കേസുകള്‍. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നതിനാല്‍ ജുഡീഷ്യല്‍ അധികാരമുള്ള പദവിയില്‍ നിയമിക്കപ്പെടാന്‍ കഴിയില്ല. അഥവാ നിയമിക്കപ്പെട്ടാല്‍ തന്നെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പോയാല്‍ നീക്കം ചെയ്യേണ്ടിവരും. ഇത് ബോധ്യമുള്ളതിനാലാണ് സെന്‍കുമാറിന്റെ നിയമനം താത്കാലികമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. അതേസമയം നിയമനം സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ ജന്മഭൂമിയോട് പ്രതികരിച്ചു. ദൃശ്യമാധ്യമങ്ങളിലൂടെ ലഭിച്ച വിവരം മാത്രമേ ഉള്ളൂ. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ല. നിലവില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തീരുമാനമുണ്ടാകട്ടെ. ബാക്കിയെല്ലാം അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ എത്തുന്നത് താത്കാലികമായെങ്കിലും തടയാന്‍ സംസ്ഥാനസര്‍ക്കാരിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിക്ക് കഴിഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ സെന്‍കുമാര്‍ സ്വീകരിച്ച ഉറച്ചനിലപാടാണ് അദ്ദേഹത്തെ സിപിഎം കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടാക്കിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് തടയിടാന്‍ സെന്‍കുമാര്‍ സ്വീകരിച്ച നടപടി കണ്ണൂരിലെ മാര്‍ക്‌സിസ്റ്റു നേതാക്കളുടെ പക വര്‍ധിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ടാണ് അദ്ദേഹത്തെ സിപിഎം വേട്ടയാടാന്‍ ആരംഭിച്ചത്. എന്നാല്‍ സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തി വിജയിച്ച സെന്‍കുമാര്‍ ഡിജിപി കസേരയില്‍ മടങ്ങിയെത്തിയശേഷമാണ് വിരമിച്ചത്. ഇതും സിപിഎമ്മിന് മുഖമടച്ചു കിട്ടിയ അടിയായിരുന്നു. സുപ്രീംകോടതിയില്‍ നിന്നു ലഭിച്ച തിരിച്ചടി സിപിഎമ്മിന്റെ പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയെ വിറളി പിടിപ്പിച്ചു. ഇതോടെ സെന്‍കുമാറിനെതിരെ നിരവധി കേസുകള്‍ വിവിധ ഉദ്യോഗസ്ഥരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിലൊന്നു പോലും നിലനില്ക്കില്ലെന്ന് സംസ്ഥാനസര്‍ക്കാരിനും ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന സിപിഎം കണ്ണൂര്‍ ലോബിക്കും അറിയാം. എന്നാലും മനഃപ്പൂര്‍വം ട്രൈബ്യൂണലിലേക്കുള്ള നിയമനം പരമാവധി വൈകിപ്പിച്ച് സെന്‍കുമാറിനെ വേട്ടയാടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം. വ്യാജരേഖ ചമച്ച് പണം തട്ടി, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന പ്രസ്താവന നടത്തി, കെടിഡിഎഫ്‌സി ചെയര്‍മാനായിരിക്കെ അനധികൃതമായി വായ്പകള്‍ അനുവദിച്ചു തുടങ്ങിയ കേസുകളാണ് സെന്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസുകള്‍ അന്യായമാണെന്ന് ചൂണ്ടിക്കാണിച്ച് സെന്‍കുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.