ജനജാഗ്രതാ യാത്രയില്‍ കേന്ദ്രനേതാക്കളെ ഒഴിവാക്കി സിപിഎം

Friday 20 October 2017 8:34 pm IST

കണ്ണൂര്‍: എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്നാരംഭിക്കുന്ന ജനജാഗ്രതാ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രനേതാക്കളെ പൂര്‍ണ്ണമായും ഒഴിവാക്കി സിപിഎം സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനലക്ഷങ്ങളെ അണിനിരത്തി നയിച്ച ജനരക്ഷായാത്രയുടെ അലയൊലികള്‍ ഒടുങ്ങുന്നതിനു മുമ്പാണ് സിപിഎം ജനജാഗ്രതായാത്ര നടത്തുന്നത്. ജനജാഗ്രതാ യാത്രയുടെ ഉദ്ഘാടനച്ചടങ്ങിലുള്‍പ്പടെ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയെയും മറ്റ് നേതാക്കളയും പങ്കെടുപ്പിക്കണമെന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം തുടക്കത്തില്‍ നിലപാടെടുത്തിരുന്നത്. എന്നാല്‍ സീതാറാം യച്ചൂരിയോട് കടുത്ത വിയോജിപ്പുള്ള സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗം ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. യെച്ചൂരി വരികയാണെങ്കില്‍ വി.എസ്.അച്ചുതാനന്ദന് കൂടുതല്‍ പ്രമുഖ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു വിഭാഗം വിലയിരുത്തി. യച്ചൂരിയുടെ കേരളത്തിലെ വക്താക്കളില്‍ പ്രമുഖനാണ് വിഎസ്. യച്ചൂരിയെ മാറ്റിനിര്‍ത്തി തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് പ്രകാശ് കാരാട്ടിനെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും യച്ചൂരിയെ അനുകൂലിക്കുന്നവര്‍ ഇതിനെ എതിര്‍ത്തു. നിലവിലുള്ള സെക്രട്ടറിയെ മാറ്റിനിര്‍ത്തി മുന്‍ സെക്രട്ടറിയെ പങ്കെടുപ്പിക്കുന്നത് അനൗചിത്യമാണെന്നും ചില നേതാക്കള്‍ വാദിച്ചു. കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ പേരില്‍ പിളര്‍പ്പിന്റെ വക്കോളമെത്തിയ കേന്ദ്രനേതൃത്വത്തിന്റെ അതേ നിലപാടിലേക്ക് കേരള ഘടകവും പോകാതിരിക്കാനാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലയില്‍ കേന്ദ്രനേതാക്കളില്‍ ആരെയും പങ്കെടുപ്പിക്കേണ്ടെന്ന നിലപാടെടുക്കാന്‍ കാരണം. കോണ്‍ഗ്രസ്സ് സഖ്യവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രക്കമ്മറ്റിയില്‍ നടന്ന ചര്‍ച്ച ബ്രാഞ്ച് സമ്മേളനങ്ങളിലും പ്രധാന വിഷയമായിരുന്നു. പാര്‍ട്ടിയെ കോണ്‍ഗ്രസ്സ് പാളയത്തിലെത്തിക്കാന്‍ നീക്കം നടത്തിയ നേതാക്കളെ ജനജാഗ്രതാ യാത്രയില്‍ പങ്കെടുപ്പിച്ചാല്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറയാന്‍ കാരണമാകുമെന്ന നിലപാടും ചില നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിനകത്തു നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയാണ് ജനജാഗ്രതാ യാത്രയുടെ പ്രസക്തി പൂര്‍ണ്ണമായും ഇല്ലാതാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന യാത്ര മഞ്ചേശ്വരത്ത് സിപിഐ നേതാവ് ഡി.രാജയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.