ചേരിതിരിവിന് പരിഹാരമായില്ല: ബ്രാഞ്ച് സമ്മേളനം ഉപരോധിക്കുമെന്ന് അണികള്‍

Friday 20 October 2017 8:41 pm IST

ഉദുമ: തച്ചങ്ങാട് ഗവ.സ്‌കൂളില്‍ നടന്ന പളളിക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനിടെ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തരിഞ്ഞ് അക്രമം നടത്തിയ സംഭവത്തില്‍ സമവായമായില്ല. പ്രദേശവാസിയും സ്ഥലം എംഎല്‍എയുമായ കെ.കുഞ്ഞിരാമനും നേതാക്കളും ഇടപെട്ട് പല തവണ ചര്‍ച്ച ചെയ്തുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ഇതോടെ ലോക്കല്‍ സമ്മേളനത്തിന് മുന്നോടിയായി നടക്കേണ്ട കുതിരക്കോട് ബ്രാഞ്ച് സമ്മേളനം നടത്താനായില്ല. ഈ സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ സമ്മേളനം നടത്താനാണ് ഇപ്പോള്‍ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.
ബലപ്രയോഗത്തിലൂടെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തുനിഞ്ഞാല്‍ അവ നേരിടുമെന്നും, സമ്മേളന വേദി ഉപരോധിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇതോടെ നാളെ നടക്കാനുള്ള സമ്മേളനം ചേരിതിരിവിന്റെ പോര്‍ക്കളമാവുകയാണ്. സിപിഎം പാര്‍ട്ടി ക്ലബ്ബുകളായ ആലിങ്കാല്‍ ബ്രാഞ്ചില്‍പെട്ട യുവശക്തി അരവത്തും കുതിരക്കോട് ബ്രാഞ്ചിലെ സംഘചേതന കുതിരക്കോടിലേയും പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു കേരളോത്സവ ദിനത്തിലേറ്റുമുട്ടിയത്.
അക്രമത്തിന് കാരണക്കാരായ ഏരിയാ കമ്മറ്റി അംഗം സുകുമാരന്‍, മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സെക്രട്ടറി ഗീത എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ കൈക്കൊള്ളണം, ക്ലബ്ബുകള്‍ തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന കുടിപ്പകയും, പ്രവര്‍ത്തകര്‍ക്കിടയിലുള്ള ഭിന്നിപ്പ് പറഞ്ഞു തീര്‍ക്കണം. ഇതിനായി നേതാക്കളുടെ സാനിധ്യത്തില്‍ പാര്‍ട്ടി അനുഭാവികളുടെ യോഗം വിളിച്ചു ചേര്‍ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കുതിരക്കോട്ടെ പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ ആവശ്യം നിരാകരിച്ചതാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണമായത്.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ അമ്പങ്ങാട്ട് നടന്ന സമവായ ചര്‍ച്ച അണികളുടെ വികാരം കണക്കിലെടുക്കാതെയാണ് നടത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഏരിയാ കമ്മറ്റി അംഗം വി.വി.സുകുമാരനെയും മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സെക്രട്ടറി ഗീതയേയും സംരക്ഷിക്കുന്ന നിലപാടാണ് ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത കെ.വി.കുഞ്ഞിരാമന്‍ കൈകൊണ്ടത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ നേതാക്കളുടെ രാഷ്ട്രീയഭാവിക്ക് മാത്രമാണ് ഊന്നല്‍ നല്‍കിയതെന്ന് ബ്രാഞ്ച് വക്താക്കള്‍ പരാതിയായി അറിയിച്ചു.
പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കാനും, റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കാനും തീരുമാനിച്ചതോടെ നാളെ നടക്കാനിരിക്കുന്ന സമ്മേളനം നേതാക്കളും അണികളും തമ്മിലുള്ള വിഭാഗീയത മറനീക്കി പുറത്തു വരും. അണികളെ മറന്നുള്ള പാര്‍ട്ടി പ്രവര്‍ത്തനം ബലപ്രയോഗത്തിലൂടെ നടപ്പില്‍ വരുത്തിയാല്‍ ബംഗാളിലെന്ന പോലെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് ബ്രാഞ്ച് അംഗങ്ങള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.