ഓരോ ശ്വാസത്തിലും ആദര്‍ശം

Friday 20 October 2017 10:09 pm IST

ആര്‍.ഹരിയോടൊപ്പം ഭാസ്‌ക്കര്‍ജി

എം.മോഹന്‍ സമാജകാര്യത്തിനായി ജീവിച്ച അനവധി വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനമാണ് ആര്‍എസ്എസ്. ജീവിതകാലം മുഴുവന്‍  സമാജകാര്യത്തിനുവേണ്ടി ജീവിക്കുക മാത്രമല്ല, തന്റേതായ സര്‍വ്വസ്വവും സംഘപ്രസ്ഥാനത്തിനും സമാജത്തിനും വേണ്ടി സമര്‍പ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് എ.വി. ഭാസ്‌കരന്‍ എന്ന ഭാസ്‌കര്‍ജി.എറണാകുളത്ത് ഗൗഡസാരസ്വത സമുദായത്തില്‍ ധനാഢ്യമായ ഒരു കുടുംബാംഗമായിരുന്നു ഭാസ്‌കര്‍ജി.

പ്രചാരകന്മാര്‍ക്കിടയില്‍ ആദ്യകാലത്ത്, ആദായനികുതി കൊടുക്കത്തക്ക വരുമാനം സ്വന്തം പേരിലുണ്ടായിരുന്ന ഒരേയൊരാള്‍ അഖിലേന്ത്യാ തലത്തില്‍തന്നെ ഭാസ്‌കര്‍ജിയായിരുന്നു. സര്‍സംഘചാലക് ഗുരുജി പോലും അക്കാര്യം തമാശയായി പറയാറുണ്ടായിരുന്നു. ശരിയാണ്, പൂര്‍വ്വാര്‍ജിതമായ സ്വത്തുക്കളും കുടുംബപരമായി നടത്തുന്ന ബിസിനസും അതിലെ ലാഭശതമാനം അംഗങ്ങള്‍ക്കിടയില്‍, ഓരോരുത്തര്‍ക്കുമായി വിഭജിക്കുമ്പോള്‍ അത് വരുമാനനികുതിയുടെ പരിധിയില്‍ വരുമായിരുന്നു. അദ്ദേഹം സ്വന്തമായി ജോലിക്ക് പോയോ ബിസിനസ് ചെയ്‌തോ ഉണ്ടായതല്ല ഈ വരുമാനം.ഇത്തരത്തിലുള്ള വരുമാനവും സ്ഥാവരസ്വത്തുക്കളും ഒരു തരി ബാക്കി വയ്ക്കാതെ, സംഘ പ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചു. എറണാകുളത്ത് പൂര്‍വാര്‍ജിതമായി ലഭിച്ച സ്ഥലത്ത് ജോയിന്റ് വെഞ്ചറില്‍ പണിത കെട്ടിടത്തില്‍ തന്റേതായ 15000 ചതുരശ്ര അടിസ്ഥലം വിവിധ ട്രസ്റ്റുകള്‍ക്കായി നല്‍കുകയാണുണ്ടായത്. 2008 ല്‍ അന്നത്തെ സര്‍സംഘചാലകായിരുന്ന കെ.എസ്. സുദര്‍ശന്‍ജിയുടെ കയ്യാല്‍ അതിന്റെ സമര്‍പ്പണം നടന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കാര്യാലയം, ഭാരതീയ വിദ്യാനികേതന്‍ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍, ഭാസ്‌കര്‍റാവു സ്മാരക സമിതി, ലക്ഷ്മീബായ് ധര്‍മ്മപ്രകാശന്‍, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, ലക്ഷ്മീബായ് മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവക്കായി പ്രസ്തുത സ്ഥലം മുഴുവന്‍ സമര്‍പ്പിച്ചു. ഇതുകൂടാതെ, പണമായി വിവിധ ബാങ്കുകളിലുണ്ടായിരുന്ന തുകയും പല പ്രസ്ഥാനങ്ങള്‍ക്കായി കൊടുത്തു. പാലക്കാട് വ്യാസവിദ്യാപീഠം സമുച്ചയത്തിലെ ശ്രീബാലാപരമേശ്വരീ ക്ഷേത്രം, താമസിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അമൃതേശ്വരി ധാം ഇവയെല്ലാം പണിതത് അദ്ദേഹത്തിന്റെ സ്വന്തം ധനംകൊണ്ടായിരുന്നു.

ഓരോ ശ്വാസനിശ്വാസത്തിലും സംഘപ്രവര്‍ത്തനമാകുന്ന സമാജസേവനത്തിന് മാത്രമേ തന്റെ സ്വത്തുവഹകള്‍ വിനിയോഗിക്കാവൂ എന്ന് സ്വയം നിഷ്‌കര്‍ഷിച്ചുവന്ന അസുലഭമായ ജീവിതമായിരുന്നു ഭാസ്‌കര്‍ജിയുടേത്.അധ്യാപകനായിരുന്ന പശ്ചാത്തലം കണക്കിലെടുത്താവാം, വിദ്യാഭാരതിയുടെ കേരള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്. 1977 ല്‍ വിദ്യാഭാരതിയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇന്ന് കാണുന്ന വിദ്യാനിേകതനെ  സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്ന സാഹചര്യമായിരുന്നില്ല. പാലക്കാട് കല്ലേക്കാട് ഗ്രാമത്തില്‍ 26 ഏക്കര്‍ സ്ഥലം സ്വന്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ സംഘസ്ഥാപനത്തിന് അടിത്തറയിട്ടു. വ്യാസവിദ്യാപീഠത്തിന്റെയും വിദ്യാനികേതന്റെയും ഘട്ടംഘട്ടംമായുള്ള വളര്‍ച്ച കേരളത്തിലെ ഏതൊരു സ്വയംസേവകനും അഭിമാനിക്കാന്‍ പോന്നതാണ്. സംഘത്തിന്റെ പൂര്‍ണപിന്തുണയും ഇക്കാര്യത്തിലുണ്ടായിരുന്നു. പക്ഷെ, ധനസമാഹരണം, കെട്ടിടം ഉണ്ടാക്കല്‍, അധ്യാപികമാര്‍ക്ക് പരിശീലന വ്യവസ്ഥ, ഇതിനെ മാതൃകയാക്കി സംസ്ഥാനത്തുടനീളം വിദ്യാലയങ്ങള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കല്‍ ഇവയൊക്കെ വിജയകരമായി നടപ്പാക്കുന്നതോടൊപ്പം, തന്റെ നിഷ്ഠാപൂര്‍ണമായ ആധ്യാത്മിക സപര്യ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോയി.

ഇതൊക്കെ ആലോചിക്കുമ്പോള്‍, സംഘത്തിന്റെ കേരളത്തിലെ ആരംഭകാലത്തുണ്ടായിരുന്ന കാര്യകര്‍ത്താക്കള്‍-പ്രത്യേകിച്ച് പ്രചാരകന്മാര്‍ സ്ഫൂര്‍ത്തിദായകരായ അപൂര്‍വ്വ വ്യക്തിത്വങ്ങളായി നമുക്ക് മുന്‍പില്‍ തെളിഞ്ഞുവരുന്നു. ഏതാണ്ട് 500 ഓളം വിദ്യാലയങ്ങള്‍, മൂവായിരത്തിലേറെ അധ്യാപിക/അധ്യാപകര്‍, ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍! വരുംതലമുറകള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍! നമുക്ക് മുന്‍പേ നടന്നവരുടെ സമര്‍പ്പിത ജീവിതം! ത്യാഗോജ്ജ്വലമായ പുരുഷായുസ്സ്. ഇതിന്റെയെല്ലാം മൂര്‍ത്തീഭാവംതന്നെയായിരുന്നു  ഭാസ്‌കര്‍ജി.കുടുംബവരുമാനത്തിന്റെ നിശ്ചിത ശതമാനമായി മാസംതോറും കിട്ടിക്കൊണ്ടിരിക്കുന്ന തുക സഞ്ചിതമായി നിക്ഷേപിച്ച അക്കൗണ്ടില്‍നിന്ന് ഒരു നല്ല തുക, അമ്മയുടെ ഉപാസനാമൂര്‍ത്തിയായ ദേവീക്ഷേത്രത്തിന് നല്‍കാന്‍ ഭാസ്‌കര്‍ജി തയ്യാറായി. ആ ക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനും തന്റെ സ്ഥിരം ഡോക്ടറുമായ ഡോ. എല്‍.പി. പ്രഭുവിനോടദ്ദേഹം, ആശുപത്രിക്കിടക്കയില്‍വച്ച് പറയുന്നു- ”ഡോക്ടര്‍ I am a property of sangh only. എന്റെ എല്ലാം സംഘത്തിനും സമാജത്തിനുമുള്ളതാണ്. ആ ക്ഷേത്രം ഹിന്ദുക്കളുടെ ഉന്നമനത്തിനായി നിലനില്‍ക്കണം. അതിലേക്കായി, ഈ തുക ഉപയോഗിക്കാം.” ”ഞാന്‍ പ്രചാരകനാണ്, ബ്രഹ്മചാരിയുമാണ്. പക്ഷെ, ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നീതന്നെ മതി എന്ന് ഗുരുപത്‌നി നിര്‍ദ്ദേശിച്ചപ്പോള്‍ ഒന്ന് പകച്ചു.

നാല്‍പത്തൊന്ന് ദിവസത്തെ പ്രത്യേക തരത്തിലുള്ള വ്രതം അതിനായി അനുഷ്ഠിച്ചു. പ്രതിഷ്ഠക്ക് സര്‍വ്വവിധ പിന്തുണയും തന്നിരുന്നെങ്കിലും, പി. മാധവ്ജി അതിനു മുന്‍പേ യാത്രയായി. എന്റെ നിയോഗമായിരുന്നു അത്.” ഏതായാലും ക്ഷേത്രപ്രതിഷ്ഠ ഭാസ്‌കര്‍ജി നടത്തി. ഭാരതീയ വിദ്യാനികേതന്റെ ആദ്യകാല പ്രവര്‍ത്തകരായി അദ്ദേഹം തെരഞ്ഞെടുത്തത് കേരളത്തിലെ പ്രഗല്‍ഭമതികളായ വിദ്യാഭ്യാസ വിചക്ഷണരെയായിരുന്നു. ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്നത് ഡോ. ശങ്കരന്‍നായര്‍, കേരള യൂണി. വൈസ് ചാന്‍സലര്‍ ആയിരുന്ന എ. സുകുമാരന്‍നായര്‍, കൊല്ലം എസ്എന്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രശ്‌സത പണ്ഡിതന്‍ ഡോ.എന്‍.ഐ. നാരായണന്‍, മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. സുമംഗലാദേവി… ഇങ്ങനെ അനവധി പേര്‍.ഉപാസനയിലും അനുഷ്ഠാനത്തിലും ലവലേശംപോലും വീഴ്ച ഉണ്ടാകാറില്ല എന്നുപറഞ്ഞുവല്ലോ. ഒരിക്കല്‍ അദ്ദേഹത്തിന്, മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നു. അത് കോയമ്പത്തൂരിലെ ‘വേദനായകം’ ആശുപത്രിയിലായിരുന്നു. ആശുപത്രികാര്യങ്ങള്‍ വീഴ്ച വരാതെ നോക്കാന്‍ ഉദയനന്‍ (ഉണ്ണി), അപ്പുക്കുട്ടന്‍ എന്നിവരും വ്യക്തിഗത ശ്രദ്ധക്കായി പരിചാരകനും ഉണ്ടായിരുന്നു. ഓപ്പറേഷന്‍ ദിവസവും പൂജ ചെയ്തു. ഒാപ്പറേഷന് പിറ്റേന്ന് പൂജചെയ്യാന്‍ തയ്യാറായി. സഹായികളുടെ അഭിപ്രായമൊന്നും അവിടെ വിലപ്പോവില്ല. വൈകുന്നേരം പൂജ കഴിഞ്ഞ്, ആഹാരം കഴിച്ച് കിടന്നു. പരിചാരകന്‍ കട്ടിലിന് താഴെയും. ഉണ്ണിയേട്ടനും അടുത്തുണ്ട്.

രാത്രി ഏതാനും ചെന്നപ്പോള്‍, പരിചാരകന്‍ പെട്ടെന്ന് ഉണര്‍ന്നു. തലയില്‍ എന്തോ തണുത്ത വെള്ളം വീണിരിക്കുന്നു. ലൈറ്റിട്ട് നോക്കുമ്പോള്‍ അയാള്‍ കാണുന്ന കാഴ്ച അമ്പരിപ്പിക്കുന്നതായിരുന്നു. ഓപ്പറേഷന്‍ നടന്ന കീഹോളിലൂടെ നിലയ്ക്കാത്ത രക്തപ്രവാഹം. രക്തത്തുള്ളികള്‍ അയാളുടെ തലയില്‍ വീണതാണ് തണുത്ത വെള്ളം വീണതായി അയാള്‍ക്ക് തോന്നിയത്. ഉടനെ ഡോക്ടര്‍ വന്നു പരിശോധിച്ചു. കിഡ്‌നിയ്ക്കകത്ത് നിന്നും, ഓപ്പറേഷന്‍ ചെയ്തിടത്ത് നിന്നുമാണ് രക്തസ്രാവമെന്ന് മനസ്സിലായി. അതിന് പരിരക്ഷ നല്‍കാന്‍ അവിടെ സാധിക്കില്ല. ഉടനെ മികച്ച സേവനത്തിനായി ‘കോവൈ’ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പറഞ്ഞു. അങ്ങനെ രാത്രിതന്നെ കോവൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ട് രക്ഷപ്പെട്ടു.അനേകവര്‍ഷങ്ങളായി ഭാസ്‌ക്കര്‍ജിയുടെ ഡ്രൈവര്‍  തമിഴ്‌നാട്ടുകാരനായ തിരുമൂര്‍ത്തിയാണ് (അണ്ണാച്ചി). യാത്രാേവളകളില്‍ വേണ്ടതായ കാര്യങ്ങളെല്ലാം മൂര്‍ത്തി ചെയ്തിരിക്കും. പൂജാ വ്യവസ്ഥക്ക് സഹായിക്കാന്‍ ഗിരി എന്ന ചെറുപ്പക്കാരന്‍, ഭക്ഷണം പാകംചെയ്ത് കൊടുക്കാന്‍ സുന്ദരന്‍, ഇവരുടെ ആരുടെയെങ്കിലും അഭാവത്തില്‍ ശശി, ഇവരൊക്കെയാണ് സഹായികള്‍. ഓരോ കാര്യത്തിനും നിശ്ചിത ചിട്ടകളും വ്യവസ്ഥകളുമുണ്ട്.

അത് തെറ്റിയാല്‍ ആകെ പ്രശ്‌നമാണ്. തെറ്റാതെ കൃത്യമായി നടന്നാല്‍ അതിയായ സന്തോഷവും. പി. പരമേശ്വര്‍ജി ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്: ”ഭാസ്‌കര്‍ജിക്ക് ശുണ്ഠി വരുന്നത് നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ സന്തോഷം വരുന്നതോ. സന്തോഷം വന്നാല്‍, നമ്മെയൊക്കെ അദ്ദേഹം വീര്‍പ്പുമുട്ടിക്കും.”ആരായാലും തന്നെ കാണാന്‍ വരുന്നവരുടെ ക്ഷേമാന്വേഷണങ്ങള്‍ക്കപ്പുറം അദ്ദേഹം പാലിച്ചുപോരുന്ന ആതിഥ്യമര്യാദ വലിയ അനുഭൂതിതന്നെയാണ്. വരുന്നവര്‍ക്ക് എത്രതന്നെ, എങ്ങനെയൊക്കെ ഭക്ഷണം നല്‍കിയാലും അദ്ദേഹത്തിന് തൃപ്തിവരില്ല.ഹിന്ദിയും ഇംഗ്ലീഷും കൊങ്കണിയും മലയാളവും അത്യാവശ്യം തമിഴും നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന അദ്ദേഹത്തിന് സംഘടനാ തലത്തില്‍ അഖിലഭാരതീയമായി അനവധി സുഹൃത്തുക്കളുണ്ട്. പൂജനീയ ഗുരുജിയുമായുള്ള ബന്ധം പറയുമ്പോള്‍ വികാരാധീനനാകും. ബാളാസാഹെബ് ജിയുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമായിരുന്നു.ആദ്ധ്യാത്മിക മേഖലയില്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനുമായ ഒരു ആചാര്യനാണദ്ദേഹം. കല്ലേക്കാട് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് കേരളത്തിന്റെ പല ഭാഗത്തുനിന്നും ശ്രിവിദ്യാ ഉപാസകര്‍ പങ്കെടുക്കും. പി. രാമചന്ദ്രന്‍ എന്ന ഛോട്ടാജി അഗ്രിമസ്ഥാനനത്തുണ്ടാകാറുണ്ട്. പി.ഇ.ബി. മേനോന്‍, നാരായണകമ്മത്ത്, ഡോ. ബാലകൃഷ്ണന്‍, കോഴിക്കോട് ഭാഗത്തുനിന്ന് പല ഉപാസകരും വന്നുചേര്‍ന്ന് മൂന്നുദിവസത്തെ ഹോമങ്ങളും പൂജകളും കലശമാടലും ഒക്കെ നടക്കും. പൂജിക്കേണ്ട കലശങ്ങള്‍ തലേദിവസംതന്നെ തയ്യാറാക്കി കലശദ്രവ്യങ്ങള്‍ നിറച്ച് യഥാസ്ഥാനത്ത് വക്കുകയാണ് പതിവ്.

പിറ്റേന്ന് രാവിലെ അഞ്ച് മണിയോടെ അനുഷ്ഠാനങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇവയൊക്കെ വ്യവസ്ഥയാക്കി വയ്ക്കുന്നത്, ഒരു ഓലഷെഡ്ഡിലാണ്. (പിന്നീടവിടെ നല്ലൊരു ഹാളുണ്ടായി). അവിടെ, രാത്രിയില്‍ ആരെങ്കിലും കാവലിരിക്കണം. ഉപാസകരില്‍ പ്രായംകുറഞ്ഞവര്‍ അക്കാര്യത്തിനുണ്ടാകും. അതിന് നിയുക്തനായ വ്യക്തി കലശങ്ങള്‍ക്കടുത്തുതന്നെയുണ്ടാകും. കുറെ കഴിഞ്ഞപ്പോള്‍ കിടന്നു. അടുത്തപടി ഉറങ്ങിയത് സ്വാഭാവികം. പക്ഷെ ഏകദേശം മൂന്ന് മണിയോടെ കക്ഷി ഞെട്ടി ഉണര്‍ന്നുനോക്കുമ്പോള്‍ ഒരു കലശം താഴെ മറിഞ്ഞ് കിടക്കുന്നു. അപലക്ഷണമോ അതോ അപായസൂചനയോ? ആ ഉപാസകന്‍ ആകെ അമ്പരന്നു. മുതിര്‍ന്ന ഉപാസകരായ പലരും അപ്പോള്‍ അടുത്തുള്ള ‘അമൃതേശ്വരി ധാമി’ല്‍ ഉറങ്ങുന്നുണ്ട്. ഈ വിവരം ഭാസ്‌കര്‍ജിയുടെ അടുത്ത് അറിയിക്കണം. എന്ത് ചെയ്യും. നിങ്ങളാരെങ്കിലും കൂടെ വരാമോ എന്ന് ദയനീയമായി ആരാഞ്ഞു. ആരുംതന്നെ തയ്യാറാവുന്നില്ല. കാരണം പ്രത്യേകം പറയണ്ടല്ലൊ. പിന്നെ, എന്തും വരട്ടെ എന്ന് കല്‍പ്പിച്ച് സര്‍വ്വദൈവങ്ങളെയും പ്രാര്‍ത്ഥച്ച്, ഗുരുനാഥനെ കണ്ട് കാര്യം പറയാന്‍തന്നെ തീരുമാനിച്ചു. സമയം നാലുമണി. അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ഭാസ്‌കര്‍ജി പറഞ്ഞു: ”സാരമില്ല, നിങ്ങള്‍ അതിന്റെ പേരില്‍ ഭയപ്പെടേണ്ട. ഞാന്‍ നോക്കിക്കോളാം.” ഏതായാലും വീണ്ടും കലശം തയ്യാറാക്കി വച്ചോളൂ. അയാള്‍ക്ക് ജീവന്‍ തിരികെ കിട്ടിയപോലെയായി.

ഭാസക്കര്‍ജിക്ക് ഇരുപത്തഞ്ചോളം ശിഷ്യന്മാര്‍ ഉള്ളതില്‍, പതിനൊന്നുപേര്‍ പൂര്‍ണദീക്ഷിതരാണ്. ആധ്യാത്മികരംഗത്ത്, ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു സമ്പ്രദായമാണ് ശ്രീവിദ്യാ ഉപാസനാ ക്രമം. അതിന്റെ പ്രഖ്യാപിത അനുഷ്ഠാനസങ്കേങ്ങളെ, സ്ഫടികതുല്യമായ സുതാര്യതയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. ആള്‍ദൈവങ്ങളില്‍നിന്നും, ആശ്രയം തേടിയെത്തുന്നവരുടെ വിത്താപഹരണം നടത്തുന്നവരില്‍നിന്നും വ്യത്യസ്തനാണേദ്ദഹം. ജാതിക്കതീതമായി ലിംഗഭേദമില്ലാതെ, എന്തിന് മതഭേദം പോലുമില്ലാതെ, സകല ഭാരതീയര്‍ക്കും യോജിക്കാവുന്ന മാര്‍ഗ്ഗമാണ് ശക്ത്യുപാസന. അതില്‍ ഏറെ സവിശേഷതകളുള്ളതാണ് ശ്രീവിദ്യോപാസന എന്ന് മാത്രം. ഇത്തരമൊരു വീക്ഷണത്തിന് മാധവ്ജി ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.