ഒച്ചിനെ പേടിച്ച് നഗരം

Friday 20 October 2017 8:57 pm IST

തൃശൂര്‍: ആഫ്രിക്കന്‍ ഒച്ച് ഭീതിയില്‍ നഗരത്തിലെ പൂങ്കുന്നം പ്രദേശം. ഇവയെ എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് വനം വകുപ്പ്. പൂങ്കുന്നം റെയില്‍വെ ഗേറ്റിന് സമീപം പുല്ലാട്ട് ലെയിനിലെ വീടുകളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വീടിനു ചുറ്റും മാത്രമല്ല വീടിനകത്തേക്കുപോലും ഇവയുടെ കടന്നുകയറ്റം വ്യാപകമായതോടെ ഇവിടുത്തെ താമസക്കാര്‍ ഭീതിയിലാണ്. ആഫ്രിക്കന്‍ ഒച്ചുകളെ നിയന്ത്രിക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങിയെങ്കിലും ഇവയെ ഘട്ടംഘട്ടമായി മാത്രമെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവൂ എന്ന് പീച്ചി പഠനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ കീര്‍ത്തി പി.ജയന്‍ പറയുന്നു. പ്രദേശത്തെ വീട്ടുകാര്‍ ഒന്നിച്ചു നീങ്ങിയാലെ ഉന്മൂലനം ചെയ്യാനാവൂ. ഒച്ചിന്റെ ശരീരത്തില്‍ കാണപ്പെടുന്ന ഒരുതരം കൃമികള്‍ മനുഷ്യന് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ്. കുട്ടികള്‍ ഒച്ചിനെ കൈകൊണ്ട് എടുക്കുകയും കൈ പിന്നീട് വായിലാക്കുകയും ചെയ്യുമ്പോള്‍ ഇവ ശരീരത്തില്‍ പ്രവേശിക്കും. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗത്തിന് വഴിവെക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുകയിലയും തുരിശും ചേര്‍ത്ത ലായിനി തളിക്കുന്നത് ഒച്ചിനെ കൊന്നൊടുക്കുമെന്ന് അവര്‍ പറഞ്ഞു. ഒച്ചുകളില്‍ ആണും പെണ്ണും മുട്ടയിടുമെന്നതിനാല്‍ ഇവ അതിവേഗം പെരുകുന്നതായാണ് കണ്ടുവരുന്നത്.നഗരസഭ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ പ്രദേശത്തെ ജനജീവിതം ദുസ്സഹമായി മാറും. വനംവകുപ്പ് ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.