തുറവൂര്‍ വിശ്വംഭരന്റെ നിര്യാണം; സാഹിത്യ അക്കാദമിയും തപസ്യയും അനുശോചിച്ചു

Friday 20 October 2017 8:58 pm IST

തൃശൂര്‍: ഉപനിഷദ്ചിന്തകളുടെ വെളിച്ചത്തില്‍ പുരാണേതിഹാസങ്ങള്‍ക്ക് പുനരാഖ്യാനം നല്‍കിയ ദാര്‍ശനികനും മഹാപണ്ഡിതനുമാണ് പ്രൊഫ.തുറവൂര്‍ വിശ്വംഭരനെന്ന് സാഹിത്യ അക്കാദമിയുടെ അനുശോചനക്കുറിപ്പില്‍ സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ പറഞ്ഞു. ക്ലാസിക് കൃതികളെ സമകാലിക ലോകസത്യങ്ങളുമായി മാറ്റുരച്ചുനോക്കിയ സാഹിത്യവിമര്‍ശകനാണ് അദ്ദേഹം. മഹാഭാരതപര്യടനം എന്ന ബൃഹദ്ഗ്രന്ഥം മാത്രം മതി അദ്ദേഹത്തിലെ തത്ത്വജ്ഞാനിയുടെ ആഴം തിരിച്ചറിയുവാന്‍. കലാലയ അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളും പ്രഭാഷണങ്ങളും തലമുറകള്‍ക്ക് വഴികാട്ടിയാണെന്നും അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഭാരതീയ ദര്‍ശനങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തുറവൂര്‍ വിശ്വംഭരന്റെ നിര്യാണം മലയാളത്തിന് തീരാനഷ്ടമെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തുറവൂര്‍ വിശ്വംഭരന്‍ സൃഷ്ടിച്ച ആശയലോകം ഒട്ടേറെ തലമുറകള്‍ക്ക് പ്രചോദനമാണ്. തപസ്യ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, സംഘടനാ സെക്രട്ടറി കെ.ഉണ്ണികൃഷ്ണന്‍, ഷാജു കല്ലിങ്ങപ്പുറത്ത്, കെ.മാധവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.