റോഡ് നിര്‍മ്മാണം സ്തംഭിച്ചു ശബരിമല യാത്ര കഠിനമാകും

Friday 20 October 2017 10:00 pm IST

കോട്ടയം: കരാറുകാരും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ശബരിമല റോഡുകളുടെ നിര്‍മ്മാണം സ്തംഭിച്ചു. തീര്‍ത്ഥാടനം തുടങ്ങാന്‍ ഒരുമാസം പോലുമില്ല. തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന എല്ലാം റോഡുകളും തകര്‍ന്നിരിക്കുകയാണ്. പുതിയതായി നിര്‍മ്മിച്ച റോഡുകളില്‍ വരെ പാതാളക്കുഴികളാണ്. ഒക്ടോബര്‍ 30ന് മുമ്പായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറഞ്ഞത്. എന്നാല്‍ ജിഎസ്ടി നികുതി സംബന്ധിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെ വലുതും ചെറുതുമായ എല്ലാ കരാറുകാരും നിര്‍മ്മാണ പ്രവൃത്തികള്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഈ വര്‍ഷം ശബരിമല റോഡുകള്‍ക്കായി 140 കോടിരൂപയുടെ പ്രവൃത്തികള്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. പ്രധാന ശബരിമല റോഡുകളായി കണക്കാക്കിയിരിക്കുന്നത് പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിട്ടുള്ള 26 എണ്ണമാണ്. കോട്ടയം ജില്ലയില്‍ മാത്രം 103 പ്രവൃത്തികളാണ് കണക്കാക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊന്‍കുന്നം-എരുമേലി റോഡിന്റെ അവസ്ഥ പരിതാപകരമാണ്. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെട്ട പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ ഭാഗമായ ഈ ഭാഗത്ത് വന്‍ കുഴികള്‍ മാത്രമല്ല പാലങ്ങളും അപകടാവസ്ഥയിലാണ്. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലത്തിലൂടെ ഗതാഗതം നിര്‍ത്തിയിരിക്കുകയാണ്. ഈ പാലം തീര്‍ത്ഥാടന കാലത്ത് മുമ്പ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇത് നടക്കാന്‍ സാധ്യതയില്ല. തീര്‍ത്ഥാടന കാലത്തിന് ശേഷം പാലം പൊളിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ ഇറപ്പുഴ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത് ആശ്വാസമായിട്ടുണ്ട്. പൊന്‍കുന്നം-പുനലൂര്‍ ഒഴിച്ചുള്ള കെഎസ്ടിപിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.അതേസമയം ശബരിപാതയായ പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ നവീകരണം അനിശ്ചിതത്വത്തിലാണ്. ഇതിനുളള സാമ്പത്തിക സഹായം കൊടുക്കുന്നത് സംബന്ധിച്ച് ലോക ബാങ്ക് പുനരാലോചനയിലാണ്. മുമ്പ് നടന്ന കെഎസ്ടിപി പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്തതിലുണ്ടായ വീഴ്ചയും അഴിമതിയുമാണ് ധനസഹായം മരവിപ്പിക്കാന്‍ കാരണം. പൊന്‍കുന്നം-പുനലൂര്‍ റോഡിനായി 600 കോടിയുടെ ധനസഹായമാണ് ലോകബാങ്കിനോട് ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.