റിപ്പബ്‌ളിക് ദിന മുന്നൊരുക്ക ക്യാമ്പ് മുരിക്കും വയലില്‍

Friday 20 October 2017 10:02 pm IST

മുരിക്കുംവയല്‍: ദല്‍ഹിയില്‍ നടക്കുന്ന 2018ലെ റിപ്പബ്‌ളിക് ദിന പരേഡിന്റെ നാഷണല്‍ സര്‍വ്വീസ് സ്‌കീം മുന്നൊരുക്ക ക്യാമ്പ് നവംബര്‍ 1മുതല്‍ 10 വരെ മുരിക്കുംവയല്‍ ശ്രീ ശബരീശകോളേജില്‍ നടക്കും. കര്‍ണ്ണാടക, തമിഴ്‌നാട്, കേരള, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുക്കും. കോളേജുകളില്‍ നിന്നുംസര്‍വ്വകലാശാലകളില്‍ നിന്നും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പട്ടവരാണ് ക്യാമ്പിലെ പങ്കാളികള്‍. പരേഡ് പരിശീലനം, കലാസാംസ്‌ക്കാരിക പരിപാടികള്‍, പശ്ചിമഘട്ട പഠനയാത്ര തുടങ്ങിയ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സര്‍വ്വീസ് സ്‌കീം തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജി. പി. സജിത് ബാബു, സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ഡോ. കെ സാബുകുട്ടന്‍, ശ്രീ ശബരീശ കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വി.ജി. ഹരീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരേഡില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെ റിപ്പബ്‌ളിക്ദിന പരേഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ പട്ടിക വര്‍ഗ്ഗ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ എയിഡഡ് കോളേജാണ് ശ്രീ ശബരീശ കോളേജ് മുരിക്കുംവയല്‍. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം കേരളത്തിലെത്തുന്ന പ്രീ-റിപ്പബ്‌ളിക് ദിന പരേഡ് ക്യാമ്പിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥികളെ നേരില്‍ കാണുന്നതിനുള്ള ആകാംക്ഷയിലാണ് മലയോര മേഖല.