വിടപറഞ്ഞത് രണ്ട് സുകൃതികള്‍

Saturday 21 October 2017 12:27 am IST

മൂന്നു മണിക്കൂര്‍ നേരത്തെ ഇടവേളയില്‍ രണ്ട് മാതൃകാ ജീവിതങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സാഹിത്യ സാംസ്‌കാരിക രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരനാണ് ഒരാള്‍. ജീവിതസര്‍വസ്വവും സമാജത്തിന് സമര്‍പ്പിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എ.വി. ഭാസ്‌കരനാണ് രണ്ടാമത്തെയാള്‍. അതിവിപുലമായ ശിഷ്യസമ്പത്തുള്ള അധ്യാപകന്‍, ബഹുഭാഷാപണ്ഡിതന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, ജ്യോതിഷത്തിലും ആയുര്‍വേദത്തിലും അത്യഗാധമായ അറിവു നേടിയയാള്‍ എന്നീ നിലകളിലൊക്കെ സാംസ്‌കാരിക മണ്ഡലത്തിന് ഒൗന്നത്യമണച്ച പ്രതിഭാശാലി....വിശേഷണങ്ങള്‍ അവസാനിക്കാത്ത വിശിഷ്ടവ്യക്തിത്വമായിരുന്നു തുറവൂര്‍ വിശ്വംഭരന്‍. ആര്‍ഷമായ വിജ്ഞാനത്തിലും ദര്‍ശനങ്ങളിലും കാവ്യശാസ്ത്രാദികളിലുമെന്നപോലെ, ആധുനിക സാഹിത്യത്തിലും ശാസ്ത്രത്തിലും നിഷ്ണാതനായിരുന്ന ഇങ്ങനെയൊരാള്‍ ഇനി നമുക്കിടയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് സംശയിച്ചുപോവുക സ്വാഭാവികം. വ്യാസഭാരതത്തെ വ്യാഖ്യാനിച്ച് രചിച്ച 'മഹാഭാരത ദര്‍ശനം പുനര്‍വായന' എന്ന ഒരൊറ്റ കൃതി മതി ആ മഹാമനീഷിയുടെ അപ്രമാദിത്വത്തിന് തെളിവ്. ജ്ഞാനത്തിന്റെ ജലാശയം തേടിയെത്തുന്നവരെ ആവോളം പാനം ചെയ്യാനനുവദിച്ച ഈ ഗുരുവര്യന്റെ അകാലത്തെ വേര്‍പാട് കൈരളിക്ക് തീരാനഷ്ടമാണ്. നവതി പിന്നിട്ടിരിക്കുന്ന ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തെ ഇന്നുകാണുന്ന രീതിയിലുള്ള വടവൃക്ഷമായി വളര്‍ത്തിയെടുത്ത ആത്മത്യാഗികളായ നേതൃരൂപങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ പഥപ്രദര്‍ശകനായി നടന്ന, ഭാസ്‌കര്‍ജി എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എ.വി. ഭാസ്‌കരന്‍ ഇവരിലൊരാളായിരുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണിട്ടും, സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിക്കാമായിരുന്നിട്ടും ആദര്‍ശസുരഭിലവും ത്യാഗനിര്‍ഭരവുമായ ജീവിതം സ്വയം തെരഞ്ഞെടുക്കാന്‍ ആ രാഷ്ട്രസേവകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 'ദേവദുര്‍ലഭരായ കാര്യകര്‍ത്താക്കള്‍' എന്ന് ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ബാലസാഹേബ് ദേവറസ് ഒരിക്കല്‍ അഭിമാനംകൊണ്ടത് ഭാസ്‌കര്‍ജിയെപ്പോലുള്ളവരുടെ നിര കണ്ടിട്ടാണ്. ആര്‍എസ്എസ് പ്രചാരകനെന്ന നിലയ്ക്ക് നിയോഗിക്കപ്പെട്ട വിദ്യാഭ്യാസരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് അധികനാള്‍ വേണ്ടിവന്നില്ല. പ്രൊഫ. തുറവൂര്‍ വിശ്വംഭരനും ഭാസ്‌കര്‍ജിയും നല്‍കിയ സംഭാവനകള്‍ ഒരേസമയം അവര്‍ പ്രവര്‍ത്തിച്ച സംഘടനകളുടെയും സമൂഹത്തിന്റെയും ഇൗടുവയ്പുകളാണ്. സംസ്‌കാരത്തിന്റെ ആകാശത്തില്‍ അസ്തമിക്കാത്ത നക്ഷത്രങ്ങളായി അവര്‍ ഇനിയെന്നും പ്രകാശം ചൊരിഞ്ഞുനില്‍ക്കും. ആ വെളിച്ചം വീഴുന്ന വഴിത്താരയില്‍ സഞ്ചരിക്കാന്‍ ആയിരങ്ങള്‍ അണിനിരക്കും. ഭാസ്‌കര്‍ജി 'ജന്മഭൂമി'യുടെ തികഞ്ഞ അഭ്യുദയകാംക്ഷിയായിരുന്നെങ്കില്‍, തുറവൂര്‍ വിശ്വംഭരന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സുകൃതികളായ രണ്ടുപേരുടെയും ആത്മാക്കള്‍ക്ക് ഞങ്ങള്‍ സദ്ഗതി നേരുന്നു.