വേദേതിഹാസങ്ങളുടെ സംശയ നിവാരണത്തിന് ഇനിയാര്?

Friday 20 October 2017 4:53 pm IST

ഉപാധികളില്ലാത്ത സ്‌നേഹമാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. സ്‌നേഹിതര്‍ക്കുവേണ്ടി കരള്‍ പറിച്ച് നല്‍കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ആദ്യകാഴ്ചയില്‍ പരുക്കന്‍ എന്ന് തോന്നാവുന്നതാണ്. തന്റെ അപാരമായ ആദര്‍ദ്രതയെ മൂടിവെയ്ക്കാന്‍ അദ്ദേഹം എടുത്തണിഞ്ഞ മുഖംമൂടിയാണ് ആ പരുക്കന്‍ സ്വഭാവം. കടുത്ത പാറക്കെട്ടിനുള്ളില്‍ നിറഞ്ഞുകിടക്കുന്ന തെളിനീര് പതുക്കെ കനച്ചുവരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സ്‌നേഹം കാണാന്‍ കഴിയുക. അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ മറകളില്ലാത്ത സ്‌നേഹമാണ് അദ്ദേഹം. ഏതാണ്ട് 33 കൊല്ലത്തെ അടുപ്പവും സ്‌നേഹവും അദ്ദേഹവുമായി എനിക്കുണ്ട്. അദ്ദേഹവുമായി കലഹിക്കാനും ചിലപ്പോഴൊക്കെ ശകാരിക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നെ ശാസിക്കാനുള്ള അധികാരം അദ്ദേഹത്തിനുമുണ്ടായിരുന്നു. ആ ശാസന സ്‌നേഹത്താല്‍ പ്രചോദിതമായിരുന്നു. അതില്‍ കരുതലും സുരക്ഷയുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഭാര്യയോടും മക്കളോടും അഗാധമായ സ്‌നേഹമുണ്ടായിരുന്നു. പക്ഷേ, ഒരു നിര്‍ബന്ധം, ഒരുകാരണവശാലും അവര്‍ അത് അറിയരുത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. അഗാധപാണ്ഡിത്യമുള്ള അദ്ധ്യാപകനാണ് തുറവൂര്‍ വിശ്വംഭരന്‍. ഭാരതീയ ദര്‍ശനങ്ങളിലും സാഹിത്യത്തിലും മാത്രമല്ല, ജ്യോതിഷം, വൈദ്യം എന്നിവയിലും വിശ്വംഭരന്‍ മാഷിന് അപാരജ്ഞാനം ഉണ്ടായിരുന്നു. വാല്മീകിയും വ്യാസനും കാളിദാസനും അദ്ദേഹത്തിന്റെ ജീവിത പ്രചോദനങ്ങളായിരുന്നു. പാശ്ചാത്യ തത്ത്വചിന്തയും സാഹിത്യവുമെല്ലാം അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തിരുന്നു. എങ്കിലും അവയൊന്നും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ചെറുപ്പത്തിലേ മഹാഭാരതം വായിച്ച് ആസ്വദിച്ചിരുന്നതുകൊണ്ട് ലോക ക്ലാസിക്കുകള്‍ എന്നുപറയുന്ന നോവലും കഥകളും ഒന്നും അദ്ദേഹത്തില്‍ വേണ്ടത്ര മതിപ്പ് ഉണ്ടാക്കിയിരുന്നില്ല. കാരണം, ഭാരതീയ സാഹിത്യ സംസ്‌കാരത്തിന്റെ ധൈഷണികവും വൈകാരികവുമായ അനുഭൂതി, അവകളില്‍നിന്ന് ലഭിക്കുന്നില്ല എന്നായിരുന്നു പരാതി. പരിചയമുള്ളവരില്‍ അത്ഭുതമുണര്‍ത്തുന്ന പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അതിലൊന്നായിരുന്നു തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കാര്യം. അദ്ദേഹത്തെ പരിചയമുള്ള ആരും അദ്ദേഹം സ്ഥാനാര്‍ത്ഥിയാകുമെന്ന് സങ്കല്‍പ്പിച്ചിരുന്നില്ല. കാരണം, അതിനൊന്നും പറ്റിയ സ്വഭാവവും പെരുമാറ്റരീതിയും അല്ല അദ്ദേഹത്തിന്റേതെന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാല്‍, ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവ് സംഘാടകരില്‍ത്തന്നെ അമ്പരപ്പുളവാക്കി. അതും തനിക്ക് വഴങ്ങുന്നതാണ് എന്ന് അദ്ദേഹം തെളിയിച്ചു. 'മഹാഭാരത ദര്‍ശനം, പുനര്‍വായന' എന്ന കൃതി ഭാരതീയ ദര്‍ശനങ്ങളിലും മഹാഭാരതത്തിലും അദ്ദേഹം നേടിയ അഗാധമായ പാണ്ഡിത്യത്തിന്റെ നിദര്‍ശനമാണ്. മഹാഭാരതം കമ്പോടുകമ്പ് പലവട്ടം വായിച്ച് ഹൃദിസ്ഥമാക്കിയതിനുശേഷമാണ്, അദ്ദേഹം ആ കൃതി രചിച്ചതെന്ന് വായിച്ചുപോകുന്ന ആര്‍ക്കും ബോധ്യമാകും. മലയാളി വായിച്ച് ശീലിക്കുകയും കേട്ട് പരിചയിക്കുകയും ചെയ്ത മാരാര്‍ വ്യാഖ്യാനത്തില്‍ക്കൂടി മാത്രമല്ല, മഹാഭാരതത്തെ കുറേക്കൂടി ഉന്നതമായ രീതിയില്‍ വായിച്ച് അറിയാന്‍ കഴിയുമെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ കൃതിയാണ് മഹാഭാരത ദര്‍ശനം. അമൃത ചാനലില്‍ അദ്ദേഹം നടത്തിയ മഹാഭാരത ദര്‍ശനം പ്രഭാഷണത്തിന് സമാനമായി ലോകത്തെവിടെയെങ്കിലും ഒന്നുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഏതാണ്ട് 4000 ഓളം എപ്പിസോഡുകള്‍ ഇടതടവില്ലാതെ അവതരിപ്പിച്ച വിശ്വംഭരന്‍ മാഷ് അക്കാര്യത്തില്‍ ലോക റെക്കോര്‍ഡിനുതന്നെ ഉടമയാണ്. ഒരാള്‍ ഒറ്റയ്ക്കിരുന്ന് ആളുകള്‍ക്ക് മടുപ്പുണ്ടാക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സംഭവം തന്നെയാണ്. ഇന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ നമ്മോടൊപ്പമില്ല. ഭാരതത്തിന്റെ വേദ, ഇതിഹാസ, പുരാണങ്ങളില്‍ ഒരു സംശയമുണ്ടായാല്‍, അത് തീര്‍ക്കാന്‍ ഒരാളില്ലാതെയായി എന്നതാണ് സത്യം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വകാര്യമായ ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു കേള്‍വിക്കാരനും, അവയെല്ലാം കേട്ടതിനുശേഷം എന്നെ ആശ്വസിപ്പിക്കാന്‍ ഒരു സുഹൃത്തും ഇല്ലാതെയായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് തീരാനഷ്ടമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.