കേരളീയരുടെ ധര്‍മ്മപ്രബോധകന്‍

Friday 20 October 2017 10:27 pm IST

മുപ്പതിലേറെ വര്‍ഷങ്ങളായി എന്റെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ശക്തി പകര്‍ന്നുതന്നുകൊണ്ടിരിക്കുന്ന വിശ്വംഭരന്‍ സാര്‍ ഇത്ര വേഗം വിട്ടുപിരിയുമെന്ന് കരുതിയില്ല. ഈ ശൂന്യത നികത്താന്‍ മറ്റുവഴിയില്ല. അമൃതഭാരതി വിദ്യാപീഠം എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നുകൊണ്ട് കേരളത്തില്‍ ഒരു സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപംകൊടുത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നു. തപസ്യ കലാസാഹിത്യവേദിയുടെ അധ്യക്ഷനൂം രക്ഷാധികാരിയുമായിരുന്ന ആ മഹാപണ്ഡിതന് ശ്രീകൃഷ്ണജയന്തിയാഘോഷവേളയില്‍ ജന്മാഷ്ടമി പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ ഉത്തരകാശിയില്‍നിന്ന് ഡോ.മുരളീമനോഹര്‍ ജോഷി വന്നതും, ഭാസ്‌കരീയത്തില്‍ നടന്ന മഹാസമ്മേളനത്തില്‍ അതിശ്രേഷ്ഠമായ സമാദരണസഭ ഒരുക്കാന്‍ സാധിച്ചതും ഓര്‍ത്തുപോകുന്നു. ഇതിനെല്ലാം വഴങ്ങിക്കൊണ്ട് എന്റെ ഏത് താല്‍പര്യവും സാധിച്ചുതരുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്. ഏറ്റവും ഒടുവില്‍ ചിലപ്പോള്‍ ഉള്ളില്‍ അസുഖം ബാധിച്ചശേഷമായിരിക്കാം, എന്നെ ധര്‍മ്മപുത്രര്‍ എന്ന് വിശേഷിപ്പിച്ചത്. ഇന്ന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന എന്റെ ജീവചരിത്ര പുസ്തകത്തിന്റെ ആമുഖക്കുറിപ്പിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ ഇന്നത്തെ പോക്കുകണ്ടാല്‍ ധര്‍മ്മബോധമുള്ള ഒരാള്‍ നമുക്കാവശ്യമില്ല എന്നു തോന്നിപ്പോകും. ഓരോ ദിവസത്തെസംഭവങ്ങളും ധര്‍മ്മം കൈവിട്ട ഒരു ജനതയായി മലയാളി മാറിയില്ലേ എന്ന് സംശയിച്ചുപോകുന്നു. വിശ്വംഭരന്‍ സാറിന്റെ മഹാഭാരത ധര്‍മ്മ പ്രബോധനം ഇനി കേള്‍ക്കാന്‍ കഴിയാതെയായിരിക്കുന്നു. വ്യാകുലചിത്തനായ ധര്‍മ്മപുത്രര്‍ക്ക് ഭഗവാന്‍ കൃഷ്ണന്‍തന്നെയായിരുന്നല്ലോ ആശ്രയം. ഇപ്പോഴും എന്റെ മനസ്സ് ആ ഭഗവാന്റെ പാദങ്ങളിലാണ്. ബാലഗോകുലമെന്ന പ്രസ്ഥാനം തുടങ്ങി വളരെ നാളുകള്‍ കഴിഞ്ഞാണ് അതിന്റെ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പഠനക്യാമ്പില്‍വച്ച് ബാലഗോകുലം എന്ന വാക്കിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം വിശദമായ വ്യാഖ്യാനം നല്‍കിയത്. അപ്പോഴാണ് ഞാന്‍ അഭിമാനിയായത്. ഇത്രയേറെ പ്രാധാന്യമുള്ള ഒരു പ്രസ്ഥാനത്തിന് തുടക്കംകുറിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം നല്‍കിയതും വിശ്വംഭരന്‍ സാറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.