എന്റെ ഗുരുനാഥന്‍

Friday 20 October 2017 4:58 pm IST

വൈജ്ഞാനിക വിഷയങ്ങളില്‍ അതീവ തല്‍പരനായിരുന്ന സാത്വിക വ്യക്തിത്വത്തെയാണ് തുറവൂര്‍ വിശ്വംഭരന്‍ സാറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഇക്കാലത്ത് കേരളത്തില്‍ തന്നെ അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. തികഞ്ഞ പണ്ഡിതന്‍. വായിക്കുക, പഠിക്കുക ചിന്തിക്കുക എന്നതായിരുന്നു ജീവിതശൈലി. പരിപൂര്‍ണ്ണമായും സ്‌നേഹശീലനായിരുന്നു. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ഒട്ടും ഇല്ലാതെയായിരുന്നു എല്ലാവരോടും ഇടപെട്ടിരുന്നത്. 79-80 കാലഘട്ടങ്ങളില്‍ മഹാരാജാസ് കോളേജില്‍ ഞാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നു. മരണം വരേയും ആ വ്യക്തിബന്ധം നിലനിന്നു എന്നതില്‍ അഭിമാനമുണ്ട്. പരീക്ഷ എഴുതി മാര്‍ക്ക് ലിസ്റ്റ് വന്നാല്‍ ഉടന്‍ അവസാനിക്കുന്നതാണ് ഗുരു-ശിഷ്യ ബന്ധം എന്ന് വിശ്വംഭരന്‍ മാഷ് വിശ്വസിച്ചിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹം പഠിപ്പിച്ചിട്ടുള്ള കുട്ടികളുമായെല്ലാം നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. അങ്ങനെ അതിവിപുലമായ ശിഷ്യസമ്പത്തിനുടമയായിരുന്നു. വ്യക്തിപരമായി ഏറെ അടുപ്പം എനിക്കും അദ്ദേഹത്തിനും ഇടയിലുണ്ടായിരുന്നു. വിശ്വംഭരന്‍ മാഷിന്റെ മഹാഭാരത പര്യടനം ഞാന്‍ മലയാളം വാരികയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഖണ്ഡശയായി പ്രസിദ്ധീകരിച്ചത്. അത് പ്രസിദ്ധീകരിക്കുന്നതിലൊന്നും അദ്ദേഹത്തിന് യാതൊരു കമ്പവും ഇല്ലായിരുന്നു. ഒട്ടും തന്നെ പ്രശസ്തി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് ആ പരമ്പര മുടങ്ങുന്നതുമൂലം സ്ഥാപനത്തില്‍ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ലക്കം കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ പുസ്തകം അച്ചടിക്ക് കയറുന്നതിന് മുമ്പെങ്കിലും അതെത്തിച്ചിരിക്കും. പിന്നീട് അത് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. വിശ്വംഭരന്‍ മാഷിനെ പോലൊരു പണ്ഡിതനെക്കൊണ്ട് അത്തരത്തിലൊരു മഹത്തായ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ഞാനും നിമിത്തമായതില്‍ അതിയായ സന്തോഷമുണ്ട്. പിന്നീട് പല പുരസ്‌കാരങ്ങളും മഹാഭാരത പര്യടനത്തിന് ലഭിച്ചു എന്നതും സന്തോഷം നല്‍കുന്നു. പ്രശസ്തി ആഗ്രഹിക്കാതിരുന്ന അദ്ദേഹം ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതോടെ പണ്ഡിത സദസ്സുകളിലും അറിയപ്പെടാന്‍ തുടങ്ങി. അമൃത ചാനലിലും മഹാഭാരത പര്യടനം എന്ന പരമ്പര തുടങ്ങി. ചാനല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ ആദ്യഘട്ട ഷൂട്ടിങ് നടന്നു. അന്ന് ആ പരിപാടിയില്‍ ചോദ്യകര്‍ത്താക്കളായി രണ്ടുപേര്‍ വേണമായിരുന്നു. എന്നോടും അതില്‍ പങ്കാളിയാവാന്‍ നിര്‍ദ്ദേശിച്ചു. മഹാഭാരതത്തെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള സംശയങ്ങള്‍ ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞു എന്നതും മഹാഭാഗ്യമായി കരുതുന്നു. പല വിഷയങ്ങളെക്കുറിച്ചും ഗഹനമായി സംസാരിക്കും. വിജ്ഞാന ഭണ്ഡാഗാരം തുറക്കല്‍ എന്നുതന്നെ വിശേഷിപ്പിക്കാം. ഷഡ്ദര്‍ശനങ്ങളെക്കുറിച്ച് എറണാകുളത്തുവച്ച് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പര അദ്ദേഹം നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ അതില്‍ പങ്കെടുത്തു. അതൊരു വൈജ്ഞാനിക സദസ്സായിരുന്നു. വിശ്വംഭരന്‍ മാഷ് കറതീര്‍ന്ന പണ്ഡിതനായിരുന്നു. ലളിതജീവിതമാണ് നയിച്ചത്. ആ പണ്ഡിതോചിതമായ ഔന്നിത്യം വേണ്ട രീതിയില്‍ സമൂഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന രംഗനാഥാനന്ദ സ്വാമിയെ മനസ്സിലാക്കാന്‍ കേരളീയര്‍ക്ക് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മരണവാര്‍ത്തയ്ക്കുപോലും വേണ്ട പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കിയതുമില്ല. അതുപോലെതന്നെയാണ് വിശ്വംഭരന്‍ മാഷിന്റെ കാര്യവും. അദ്ദേഹത്തിന്റെ പ്രതിഭയെ തിരിച്ചറിയാന്‍ കേരളീയ സമൂഹം വൈകി എന്നുതന്നെ പറയാം. ഞങ്ങളുടെ സുഹൃദ് സദസ്സില്‍ ലോകത്തിലെ പല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള ആധികാരികമായ സംഭാഷണങ്ങള്‍ സംസ്‌കാരത്തിന്റെ നിധിപേടകമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വിശ്വംഭരന്‍ മാഷിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. വൈജ്ഞാനിക വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ആവും പിന്നീട് നടക്കുക. അവിടെ നിന്നും ഇറങ്ങി നേരെ മറൈന്‍ ഡ്രൈവിലെത്തും. അവിടെയും തര്‍ക്കം തുടരും. അതൊക്കെ അസുലഭ സൗഭാഗ്യമായിരുന്നു. വ്യത്യസ്ത അഭിപ്രായം പറയുന്നവനെ ശത്രുവായി കാണരുതെന്ന നിലപാടായിരുന്നു വിശ്വംഭരന്‍ മാഷിന്റേത്. വ്യത്യസ്ത അഭിപ്രായം ഉള്ളവനും ഒരു സത്യാന്വേഷണം നടത്തുന്നുണ്ട്. അവരെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ട കാര്യമില്ല. അത്തരത്തില്‍ സത്യാന്വേഷകനായി ജീവിച്ച അദ്ദേഹം മറ്റുള്ളവരുടെ സത്യാന്വേഷണത്തേയും മാനിച്ചിരുന്നു. അസുഖബാധിതനായ ശേഷം അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. മറ്റുപല വിഷയങ്ങളിലും എന്നതുപോലെ അദ്ദേഹം ജ്യോതിഷത്തിലും പണ്ഡിതനായിരുന്നു. എന്റെ വ്യക്തിജീവിതത്തിലും അദ്ദേഹം നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയിരുന്നു. കേവലം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന എന്റെ കാര്യത്തില്‍ പോലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഞാന്‍ ചികിത്സയില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ എന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കാന്‍ അദ്ദേഹം നിരവധി തവണ എത്തിയിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്ന് ആശങ്കപ്പെട്ടിരുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ശുക്രദശയിലെ കണ്ടകശനിയാണെങ്കിലും മരണത്തിന് തുല്യമായ അവസ്ഥയിലൂടെ കടന്നുപോയ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞ ആ വാക്കുകള്‍ എന്റെ കാര്യത്തില്‍ ശരിയായി. സ്വന്തം മരണ സമയം പോലും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ മാസം 26 വരെ കാര്‍മേഘം കൊണ്ടുമൂടിയ ചന്ദ്രന്റെ അവസ്ഥയാണ് തനിക്കെന്ന് വിശ്വംഭരന്‍ മാഷ് പറഞ്ഞിരുന്നു. അതിന് ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന പ്രവചനവും നടത്തിയിരുന്നു. എല്ലാവരോടും കാപട്യമില്ലാതെയുള്ള ഇടപെടലായിരുന്നു നടത്തിയിരുന്നത്. ഭാരതീയ തര്‍ക്കശാസ്ത്രവും ഹൃദിസ്ഥമാക്കിയിരുന്നു. ഭാരതത്തിന്റെ താത്ത്വിക പാരമ്പര്യത്തിലേക്ക് ചേര്‍ത്തു നിര്‍ത്താവുന്ന വ്യക്തിയാണ് വിശ്വംഭരന്‍ മാഷ്. തര്‍ക്കശാസ്ത്രത്തിലൂടെ ശരിതെറ്റുകള്‍ വേര്‍തിരിച്ചെടുക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല. അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ ബൗദ്ധിക മേഖല എന്നുപറയുന്നത് ഭാരതത്വം ആണെന്ന് പറയാം. ഇന്ത്യന്‍ തത്ത്വചിന്തയുടെ പല വശങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റേയും ഭാരതത്തിന്റേയും പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്നതായിരുന്നു ചിന്ത. അത്തരത്തിലൊരു പരിശോധനയ്‌ക്കൊന്നും മുതിരാതെ വ്യക്തിയെ ബ്രാന്‍ഡ് ചെയ്യുകയാണിപ്പോള്‍. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന അവസരത്തില്‍ ഇന്ത്യന്‍ കലയെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് വിശ്വംഭരന്‍ മാഷിനെ ക്ഷണിക്കണമെന്നായിരുന്നു കോളേജ് അധികൃതരുടെ ആഗ്രഹം. അവിടെ ആര്‍ക്കും നേരിട്ട് പരിചയമില്ല. അമൃത ചാനലിലെ പരിപാടി കണ്ട് അവര്‍ക്കെല്ലാം മാഷിന്റെ ചിന്താധാരയുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നു. എന്റെ ക്ഷണപ്രകാരം അദ്ദേഹം കോളേജിലെത്തി ഇന്ത്യന്‍ കലയുമായി ബന്ധപ്പെട്ട് മനോഹരമായ പ്രഭാഷണം നടത്തി. സങ്കുചിതമായ ഏറ്റുമുട്ടലുകളല്ല തുറന്ന സംവാദങ്ങള്‍ നടക്കണമെന്ന അഭിപ്രായമായിരുന്നു വിശ്വംഭരന്‍ മാഷിന്. വൈദേശിക ചിന്തകളിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ പഠിക്കാനും നിരീക്ഷിക്കാനും ഉത്സാഹം കാട്ടിയിരുന്നു. അദ്ദേഹത്തോടൊപ്പം പിന്നിട്ട വഴികള്‍ ഓരോന്നും മറക്കാനാവാത്ത ഓര്‍മ്മയാണിന്ന്. നികത്താനാവാത്ത വിടവ് എന്നത് അര്‍ത്ഥപൂര്‍ണ്ണമാവുകയാണ, പ്രിയ ഗുരുനാഥന്‍ വിശ്വംഭരന്‍ മാഷിന്റെ വിയോഗത്തിലൂടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.