സര്‍വ്വസംഗ പരിത്യാഗി; ദേവീ ഉപാസകന്‍

Friday 20 October 2017 10:37 pm IST

സമ്പന്ന കുടുംബത്തില്‍ ജനിക്കുകയും എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കാന്‍ സാഹചര്യമുണ്ടായിട്ടും അതെല്ലാം ത്യജിച്ച് ആര്‍എസ്എസ് പ്രചാരകനാകാന്‍ ഭാസ്‌കര്‍ജിയെന്ന എ.വി. ഭാസ്‌കരനെ പ്രേരിപ്പിച്ചത് രാജ്യത്തോടുള്ള സ്‌നേഹമാണ്. സംഘര്‍ഷപൂരിതമായ കേരളത്തിലെ സംഘപ്രവര്‍ത്തന കാലത്ത് പ്രതിബന്ധങ്ങള്‍ പലതരത്തില്‍ നേരിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ജീവനുപോലും ഭീഷണി നിലനിന്നിരുന്ന 1965-75 കാലത്ത് ഭാസ്‌കര്‍ജിയുടെ നേതൃത്വത്തില്‍ മധ്യകേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ തഴച്ചുവളര്‍ന്നു. പാലക്കാടായിരുന്നു ഒരു കാലത്ത് കേരളത്തില്‍ സംഘത്തിന് ഏറ്റവും ശക്തിയുണ്ടായിരുന്ന ഇടം. ഭാസ്‌കര്‍ജി ഏറെക്കാലം ചെലവഴിച്ചതും പാലക്കാട്ടായിരുന്നു. അദ്ദേഹം തികഞ്ഞ ദേവീഉപാസകനായിരുന്നു. സ്വര്‍ഗ്ഗീയ മാധവ്ജിയുമായിട്ടുണ്ടായ ബന്ധമാണ് അദ്ദേഹത്തെ ഉപാസനാ വഴിയിലേക്ക് തിരിച്ചുവിട്ടത്. യോഗീശാനന്ദ നാഥന്‍ എന്നറിയപ്പെട്ടിരുന്ന രാമേശ്വരത്തെ നീലകണ്ഠ മഹാദേവജോഷിയെ ഗുരുനാഥനായി കണ്ട് അദ്ദേഹം ദീക്ഷസ്വീകരിച്ചു. യാഗാനന്ദ നാഥന്‍ എന്നായിരുന്നു ഭാസ്‌കര്‍ജിയുടെ ദീക്ഷാനാമം. 24 ഓളം ശിഷ്യന്മാരും ഭാസ്‌കര്‍ജിക്കുണ്ട്. ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന കേന്ദ്രമായ പാലക്കാട് കല്ലേക്കാട് വിദ്യാലയ സമുച്ചയത്തില്‍ ഒരു ക്ഷേത്രം എന്നത് മാധവ്ജിയുടെ കൂടി ആഗ്രഹമായിരുന്നു. ക്ഷേത്ര സ്ഥാപനത്തിനായി ഭാസ്‌കര്‍ജി മുന്നിട്ടിറങ്ങി. ഗുരുനാഥന്‍ പ്രതിഷ്ഠ നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും അതിനുമുന്നേ തന്നെ അദ്ദേഹം സമാധിയായി. പിന്നീട് ഭാസ്‌കര്‍ജി തന്നെയാണ് പ്രതിഷ്ഠ നടത്തിയത്. പ്രധാനമായി ബാലസരസ്വതി, ശക്തിഗണപതി, ദക്ഷിണാമൂര്‍ത്തി എന്നിവയാണ് പ്രതിഷ്ഠകള്‍. പിന്നീട് ഹയഗ്രീവമൂര്‍ത്തിയും പ്രതിഷ്ഠയായി. ആദ്യത്തെ മൂന്ന് പ്രതിഷ്ഠകള്‍ ശാക്തേയ സമ്പ്രദായത്തിലും ഹയഗ്രീവ പ്രതിഷ്ഠ വൈദിക സമ്പ്രദായത്തിലുമാണ്. ഇതുകൂടാതെ സര്‍പ്പപ്രതിഷ്ഠ പാമ്പുമേയ്ക്കാട്ട് തന്ത്രിമാരാണ് നിര്‍വ്വഹിച്ചത്. ഈ ക്ഷേത്രം കേരളത്തിലെ അത്യപൂര്‍വ്വമായ ഒരു സങ്കേതമാണ്. ശാക്തേയ സമ്പ്രദായത്തില്‍ പൂജാദികള്‍ തുടര്‍ന്നു പോരുന്നു. സംഘ പ്രചാരകനായ ശേഷം സര്‍വ്വ സംഗപരിത്യാഗിയായിട്ടാണ് ഭാസ്‌കര്‍ജിയുടെ ജീവിതം. താനും തന്റെ സ്ഥാവരജംഗമ വസ്തുക്കളും സമാജത്തിന്റെതാണെന്ന് പൂര്‍ണ്ണമായി അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ കുടുംബപരമായി ലഭിച്ച കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളെല്ലാം വിവിധ സമാജപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. എറണാകുളം ടിഡി റോഡില്‍ പണിത ബഹുനില കെട്ടിടത്തില്‍ തനിക്കവകാശപ്പെട്ട പന്ത്രണ്ടായിരം ചതുരശ്ര അടി കെട്ടിടം ഭാരതീയ വിദ്യാനികേതന്‍, ഭാസ്‌കര്‍റാവു സ്മാരക സമിതി, ലക്ഷ്മീബായി സ്മാരക ട്രസ്റ്റ്, വിദ്യാനികേതന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, ഡോ.ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സ്മാരക ട്രസ്റ്റ്, ധര്‍മ്മ പ്രകാശന്‍ എന്നിവയ്ക്കായി നല്‍കി. കുടുംബവും കുടുംബാംഗങ്ങളും അദ്ദേഹത്തിന് സമൂഹത്തിന്റെ ഭാഗം മാത്രമായിരുന്നു. എന്നാല്‍ അവര്‍ക്കും അര്‍ഹമായതെല്ലാം നല്‍കിയിട്ടുമുണ്ട്.