കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല: ഹൈക്കോടതി

Friday 20 October 2017 10:44 pm IST

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൈജാക്ക് ചെയ്യാന്‍അനുവദിക്കില്ലെന്ന് ഹൈക്കോടതി. പഠിക്കാനും പഠിപ്പിക്കാനുമായി വരുന്നവരായിരിക്കണം കലാലയങ്ങളില്‍ എത്തേണ്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വേദിയല്ല കലാലയങ്ങള്‍. ഹൈക്കോടതി പറഞ്ഞൂ. മാന്നാനം കെഇ കോളജില്‍ സമരത്തെ തുടര്‍ന്ന് തന്നെ ഓഫീസ് മുറിയില്‍ തടഞ്ഞുവച്ച് വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയെന്നും പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നുമാരോപിച്ച് കോളജ് പ്രിന്‍സിപ്പാള്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോളജില്‍ അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ കോടതിക്ക് ഉത്കണ്ഠയുണ്ടെന്നും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തോയെന്നു ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് പരീക്ഷക്കാലമായതിനാല്‍ കുട്ടികള്‍ സ്റ്റഡി ലീവിലാണെന്ന മറുപടിയാണ്. ഇതു തൃപ്തികരമല്ല. എന്തുകൊണ്ട് പോലീസിനെ വിദ്യാര്‍ത്ഥികളുടെ വീട്ടിലേക്ക് അയച്ച് അറസ്റ്റ് ചെയ്ത് ഉചിതമായ വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിട്ടില്ല ? കോളജിലെത്തുന്ന കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് ഇവരുടെ മാതാപിതാക്കള്‍ അറിയണം. കോളജിനു സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഫലപ്രദവും മതിയായതുമായ പോലീസ് സംരക്ഷണം കോളജിന് നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ പോലീസിനാണ് ഉത്തരവാദിത്വമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. പൊന്നാനി എംഇഎസ് കോളജിലെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം നല്‍കിയ ഉത്തരവ് ഇവിടെയും ബാധകമാണെന്നു കോടതി പറഞ്ഞൂ. കോളജുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് 2002 മുതല്‍ പറയുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനു പുറത്ത് രാഷ്ട്രീയമാകാം. ഹര്‍ജിക്കൊപ്പം ഹാജരാക്കിയ ഫോട്ടോയില്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയതെന്ന് വ്യക്തം. മാന്നാനം കെഇ കോളജിലെ 24 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള ഹാജരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ 17 പേര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. ഇവരുടെ ഹാജര്‍ കുറവ് പരിഹരിക്കാന്‍ പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസ് കോളേജിന് മതിയായ സംരക്ഷണം നല്‍കണമെന്ന് 2014 ല്‍ ഹൈക്കോടതി ഉത്തരവു നല്‍കിയിരുന്നു. ഇതു നിലനില്‍ക്കെ ഈ വര്‍ഷം നാലു തവണ വിദ്യാര്‍ത്ഥി സമരത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ തടഞ്ഞുവെക്കുകയും ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. ഗാന്ധിനഗര്‍ എസ്‌ഐ, ഏറ്റുമാനൂര്‍ സിഐ, കോട്ടയം എസ്പി എന്നിവരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കോളജിലെത്തിയ പോലീസ് ധര്‍ണ അവസാനിച്ച ശേഷം സമരക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.