കേരളത്തില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു: കുമ്മനം

Friday 20 October 2017 10:48 pm IST

പറവൂര്‍: കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇപ്പോഴും പട്ടികജാതിക്കാര്‍ക്ക് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശാന്തിമാര്‍ക്ക് ഹിന്ദു ഐക്യവേദി പറവൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവിന്ദാപുരത്തേയും കണ്ണൂരിലേയും പട്ടികജാതി വിഭാഗങ്ങള്‍ അതിന് തെളിവാണ്. മൂവായിരത്തിലേറെ ദളിത് പീഡനങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയട്ടുള്ളത്. മൂലധന ശക്തികള്‍ ഭൂമി കയ്യേറി ഒതുക്കി വച്ചിരിക്കുന്നു. അത് പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് പതിച്ച് കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നത് സാമൂഹ്യ വ്യവസ്ഥിതിക്കെതിരാണ്. ക്ഷേത്ര ഭരണാവകാശം നാം നേടിയെടുക്കേണ്ടതുണ്ട്. പൂജ ചെയ്യുന്നത് ഉപാസനയാണ,് അതിന് ജാതിനോക്കേണ്ടതില്ല. മാധവ്ജി തുടങ്ങിവച്ച സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഭാഗമാണ് പുതിയ ശാന്തി നിയമനങ്ങളെന്നും കുമ്മനം പറഞ്ഞു. ചടങ്ങില്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിയമനം ലഭിച്ച അബ്രാഹ്മണ ശാന്തിമാരായ പി.ആര്‍.യദുകൃഷ്ണ, എം.കെ.പ്രദീപ്കുമാര്‍, പി.എസ്.സുമേഷ്, ജി.ജീവന്‍, പി.സി.മനോജ് എന്നിവരെയാണ് ആദരിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു ആമുഖ പ്രസംഗം നടത്തി. ആലുവ തന്ത്ര വിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, ചേര്‍ത്തല വിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പര്‍ശാനന്ദ, പന്തിരുകുല ആചാര്യന്‍ സ്വാമി ശിവാനന്ദ ശര്‍മ്മ, സ്വാമി ഗോരഖ്‌നാഥ്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി ഇ ബി മേനോന്‍, കെപിഎംഎസ് രക്ഷാധികാരി ടി.വി.ബാബു, ആചാര്യ എം.കെ.കുഞ്ഞോല്‍, ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, സ്വാമി അയ്യപ്പദാസ്, രാകേഷ് തന്ത്രി, കെ.കെ.അനിരുദ്ധന്‍ തന്ത്രി, അഡ്വ. സതീശ വര്‍മ്മ, എം.സി.സാബു ശാന്തി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.