സിപിഎം-ചൈനാ ബന്ധം വിവാദത്തില്‍

Friday 20 October 2017 11:08 pm IST

ചൈനയുടെ നയതന്ത്ര പ്രതിനിധി ന്യൂദല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് എത്തി ജീവനക്കാരന്റെ സഹായത്തോടെ സമ്മാനപ്പൊതികളുമായി ഓഫീസിലേക്കു പോകുന്നു

ന്യൂദല്‍ഹി: ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ പാരിതോഷികങ്ങളുമായി സിപിഎം ആസ്ഥാനമായ ദല്‍ഹിയിലെ എകെജി ഭവന്‍ സന്ദര്‍ശിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരസ്യമായി. തിങ്കളാഴ്ച കേന്ദ്ര കമ്മറ്റി നടക്കവെയാണ് ചൈനീസ് എംബസിയുടെ ഔദ്യോഗിക വാഹനത്തില്‍ ഉദ്യോഗസ്ഥന്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലുള്ള പാര്‍ട്ടി ആസ്ഥാനത്തെത്തി. ഓഫീസ് ജീവനക്കാരന്റെ സഹായത്തോടെ സമ്മാനപ്പൊതികളുമായി ഇയാള്‍ ഉള്ളില്‍ കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചൈന എന്ന് രേഖപ്പെടുത്തിയ കവറുകളില്‍ എന്താണെന്നു വ്യക്തമല്ലെങ്കിലും കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കുള്ള സമ്മാനങ്ങളായിരുന്നുവെന്നാണറിവ്.

ചൈനയുമായി അതിര്‍ത്തിയിലും നയതന്ത്രത്തിലും സംഘര്‍ഷം നിലനില്‍ക്കെ ചൈനീസ് നയതന്ത്ര പ്രതിനിധി സിപിഎം ആസ്ഥാനം സന്ദര്‍ശിച്ചത് വിവാദമായി. മറ്റു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ നേരിട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്താറില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്ന നടപടിയാണ് ചൈനയുടേത്. ചൈനീസ് സമ്മാനം എന്തിനുള്ള പ്രത്യുപകാരമാണെന്ന് സിപിഎം വിശദീകരിക്കേണ്ടി വരും.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ ചൈനീസ് അംബാസഡറുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ദോക്‌ലാം വിഷയത്തിലടക്കം തുടര്‍ച്ചയായി ഇന്ത്യാ വിരുദ്ധവും ചൈനാ അനുകൂലവുമായ നിലപാടാണ് സിപിഎമ്മിന്. സിപിഎം മുഖപത്രമായ ‘പീപ്പിള്‍സ് ഡമോക്രസി’യില്‍ ചൈനയെ അനുകൂലിച്ച് നിരന്തരം ലേഖനങ്ങള്‍ വരുന്നുണ്ട്. ആഴ്ച തോറും എംബസ്സി ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ടെന്നും ഓഫീസിലെ ജീവനക്കാര്‍ പറയുന്നു.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ല. കേന്ദ്ര ഏജന്‍സികള്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎമ്മിന് പുറമെ, മാവോയിസ്റ്റുകള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകര സംഘടനകള്‍ക്കും ചൈന സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിലും ചൈനക്കൊപ്പമായിരുന്നു സിപിഎം.