ഗുജറാത്തില്‍ നിന്ന് കോതമംഗലം വഴിയൊരു ജാവലിന്‍ റെക്കോഡ്

Friday 20 October 2017 11:23 pm IST

നരേഷ് കൃപാല്‍ യാദവ് ജാവലിനില്‍ സ്വര്‍ണം നേടുന്നു

പാലാ: ഗുജറാത്തില്‍ നിന്ന് കോതമംഗലം വഴി ജാവലിനില്‍ ഒരു റെക്കോഡ് ഏറ്. സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലാണ് സംസ്ഥാന അതിര്‍ത്തിവേലികള്‍ തകര്‍ത്ത് റെക്കോഡു സ്വര്‍ണത്തിലേക്ക് ജാവലിന്‍ പറന്നത്. നരേഷ് കൃപാല്‍ യാദവ് എന്ന ഗുജറാത്തിപ്പയ്യന്‍…പൊന്നണിഞ്ഞത് കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലാണ് നരേഷ് നായകനായത്. കഴിഞ്ഞവര്‍ഷം കേരളത്തിലേത്തിയ നരേഷിന്റെ ആദ്യ സംസ്ഥാന മീറ്റാണിത്. ഇന്നലെ മൂന്നാമത്തെ ശ്രമത്തില്‍ 61.66 മീറ്റര്‍ എറിഞ്ഞാണ് നരേഷ് പുതിയ ദൂരം കുറിച്ചത്. 2014ല്‍ ചെമ്പുച്ചിറ ഗവണ്‍മെന്റ് സ്‌കൂളിലെ കിരണ്‍ നാഥ് സ്ഥാപിച്ച 50.99 ദൂരമെന്ന റെക്കോര്‍ഡാണ് യാദവ് മറികടന്നത്.
കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നരേഷ്.

എറണാകുളം മാതിരപ്പിള്ളി വെക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ജിബിന്‍ തോമസ് 57.44 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. എറണാകുളം സെന്റ് ജോര്‍ജിന്റെ അഖില്‍ ശശി (53.01 മീറ്റര്‍) വെങ്കലം നേടി. ജിബിനും നിഖിലും നാലാം സ്ഥാനത്തെത്തിയ കോഴിക്കോട് കുളവത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച എസ്സ് എസ്സിന്റെ വിഘ്‌നേഷ് നമ്പ്യാരും(51.41) മീറ്റ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനമാണ് നടത്തിയത്.

കഴിഞ്ഞ ഏപ്രിലില്‍ ഹൈദരാബാദില്‍ നടന്ന യൂത്ത് നാഷണല്‍ മീറ്റിലെ പ്രകടനമാണ് യാദവിനെ കോതമംഗലത്തെത്തിച്ചത്. യാദവിന്റെ പ്രകടനം കണ്ട മാര്‍ ബേസില്‍ പരിശീലക ഷിബി മാത്യു നരേഷിനെ കേരളത്തിലേക്ക് വിളിക്കുകയായിരുന്നു.