ഉപദേശം തേടിനടക്കല്‍, ഒരു സോളാര്‍ കഥ

Saturday 21 October 2017 9:30 am IST

സോളാര്‍ കേസ് മലപോലെ വന്ന് എലിപോലെ ആവുകയാണോ എന്ന് സംശയം.ഇതുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണ സംഘത്തെ നിയമിക്കുന്നതും മറ്റും എപ്പോള്‍ നടക്കുമെന്നറിയില്ല. ഇപ്പോള്‍ തന്നെ നടക്കും എന്ന മട്ടിലായിരുന്നു പിണറായിയുടെ ത്വര. എന്നാല്‍ കേള്‍ക്കുന്നത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുതിയ നിയമോപദേശം തേടുന്നതിനെക്കുറിച്ചാണ്.കിട്ടിയ ഉപദേശത്തിനു എന്തുസംഭവിച്ചുവെന്ന ചോദ്യവും പ്രസക്തമാണ്. ഇതെല്ലാം കാണിക്കുന്നത് രാഷ്ട്രീയത്തിലെ പരസ്പര സഹായ സഹകരണമാണോ. മറ്റു മന്ത്രിമാര്‍ അറിയാതെയും ആലോചിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം തീരുമാനത്തില്‍ സോളാറിലെ പുതിയ കോളിളക്കം പുറത്തുവിട്ടതെന്ന വിമര്‍ശനം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.സിപിഎമ്മിലും ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകളുണ്ട്. എല്ലാപഴുതുകളുമടച്ചുവേണമായിരുന്നു കാര്യങ്ങള്‍ എന്നാണ് വിമര്‍ശനം. അതില്‍ വീഴ്ചയുണ്ടായി എന്നതാണ് ഇതിലെ തുടര്‍നടപടി താമസിക്കുന്നതിന്റെ കാരണമെന്നാണ് വിലയിരുത്തല്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പറയുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടുന്നതില്‍ അസ്വഭാവികതയില്ലെന്നാണ് സിപി ഐ നേതാവ് കാനത്തിന്റെ അഭിപ്രായം. ആരോടും ഒന്നും ആലോചിക്കാതെ പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള പിണറായിയുടെ ഏകാധിപത്യം ഒന്നുകൂടി പുറത്തുവന്നിരിക്കുകയാണ്.ഇടതു സര്‍ക്കാരിന്റെ തുടക്കംമുതല്‍ തന്നെ ഇങ്ങനെയൊരാരോപണം നിലവിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.