ബൊഫോഴ്‌സ് പുനരന്വേഷിക്കാന്‍ അനുമതി തേടി സിബിഐ

Saturday 21 October 2017 11:03 pm IST

ന്യൂദല്‍ഹി: കോടികളുടെ ബൊഫോഴ്‌സ് അഴിമതിക്കേസില്‍കോണ്‍ഗ്രസിനെയും അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രതിസന്ധിയിലാക്കി സിബിഐ. പുനരന്വേഷണത്തിന് അനുമതി തേടി സിബിഐ കേന്ദ്രത്തെ സമീപിച്ചു. പുനരന്വേഷണം വേണ്ടെന്ന 2005ലെ നിലപാട് പുനഃപരിശോധിക്കുക, പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അവര്‍ കത്ത് നല്‍കി. സിബിഐയുടെ ചുമതലയുള്ള പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനാണ് കത്ത് നല്‍കിയത്. 2005 മെയ് 31നാണ് ദല്‍ഹി ഹൈക്കോടതി ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കിയത്. അന്വേഷണത്തിന്റെ പേരില്‍ പൊതുഖജനാവിലെ 250 കോടി തുലച്ചുവെന്നും ജസ്റ്റിസ് ആര്‍.എസ്. സോധി വിമര്‍ശിച്ചിരുന്നു. ഇൗ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കണം. അന്നുതന്നെ സിബിഐ ഇതിന് തയാറായെങ്കിലും യുപിഎ സര്‍ക്കാര്‍ തടഞ്ഞു. ആരോപണമുയര്‍ന്ന സമയത്ത് അമേരിക്കന്‍ ഡിറ്റക്ടീവ് ഏജന്‍സി ഫെയര്‍ഫാക്‌സിന്റെ മേധാവി മിഷേല്‍ ഹെര്‍ഷ്മാന്‍ അന്നത്തെ ധനമന്ത്രി വി.പി. സിങ്ങിന്റെ നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷിച്ചു. എന്നാല്‍, അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചു. ബൊഫോഴ്‌സ് ഇടപാടില്‍ നിന്നു ലഭിച്ച കോടികളുടെ കോഴ സ്വിസ് ബാങ്കില്‍ മൊ ബ്ലാ എന്ന അക്കൗണ്ടില്‍ ഉണ്ടെന്നും െഹര്‍ഷ്മാന്‍ കണ്ടെത്തിയിരുന്നു. രാജീവ് സര്‍ക്കാരാണ് അന്വേഷണം തകര്‍ത്തതെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് റിപ്പബ്ലിക് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹെര്‍ഷ്മാന്‍ പറഞ്ഞിരുന്നു. അക്കൗണ്ട് കണ്ടെത്തിയെന്നറിഞ്ഞ് രാജീവ് ക്ഷുഭിതനായെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇൗ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പുനരനേ്വഷണത്തിന് ആലോചന തുടങ്ങിയത്. പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ 12 വര്‍ഷം വൈകിയതിന് മറുപടി നല്‍കണമെങ്കിലും ഹെര്‍ഷ്മാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിബിഐക്ക് ബുദ്ധിമുട്ടുണ്ടാകില്ല. സ്വിസ് കമ്പനിയായ എ.ബി. ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്ക് വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് കേസ്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കമ്പനിയില്‍ നിന്ന് കോടികള്‍ കോഴ കൈപ്പറ്റിയെന്നാണ് ആരോപണം.