ഹെല്‍മറ്റ് വേട്ടയ്ക്കിടെ പോലീസിന്റെ അതിക്രമം

Saturday 21 October 2017 2:07 pm IST

കൊല്ലം: വാഹനപരിശോധനക്കിടയില്‍ ബൈക്ക് യാത്രക്കാരോട് പൊലീസിന്റെ അതിക്രമം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിനും സഹോദരനും നേരെ അതിക്രമം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരന്റെ ഭാര്യയുടെ മുന്നില്‍വെച്ചായിരുന്നു പോലീസിന്റെ പരാക്രമം. ഇന്നലെ രാവിലെ പതിനൊന്നോടെ ചിന്നക്കടയില്‍ നിന്നും കല്ലുംതാഴത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്ന പുള്ളിക്കട സ്വദേശി മണിക്കും സഹോദര ഭാര്യ അനിതക്കുമാണ് ദുരനുഭവം ആദ്യം നേരിടേണ്ടിവന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജിജു, സജു എന്നിവരുടെ നേതൃത്വത്തില്‍ കടപ്പാക്കടയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാത്തിനാല്‍ പോലീസ് ഇവരുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയം കൈയില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ മണി ജേഷ്ഠനെ വിളിച്ചു പണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഇതുവഴിവന്ന പരിചയക്കാരനില്‍ നിന്നും മണി പണം വാങ്ങി പിഴ അടച്ചു. അപ്പോഴേക്കും മണിയുടെ സഹോദരന്‍ അനീഷ് കാശുമായെത്തി. ഇയാളും ഹെല്‍മറ്റ് ധരിക്കാതെയാണ് വന്നത്. തുടര്‍ന്ന് പോലീസ് അനീഷിനോടും പിഴ അടക്കാന്‍ ആവശ്യപെട്ടു. തുടര്‍ന്ന് പെറ്റി കോടതിയില്‍ അടക്കാം രസീത് തന്നാല്‍ മതിയെന്നു അനീഷ് പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതിനിടെ പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിന്റെ താക്കോല്‍ ഊരിവാങ്ങുകയും മൊബൈയിലും ലൈസന്‍സും പിടിച്ചു വാങ്ങുകയും ചെയ്തു. അനീഷിനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചു ജീപ്പില്‍ കയറ്റാന്‍ തുടങ്ങവേ തടിച്ചുകൂടിയ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് ഇവരെ വിട്ടയച്ച പോലീസ് ഭീഷണിപെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു. സംഭവം നടക്കുന്നതിനിടെ കടപ്പാക്കട മുതല്‍ കല്ലുംതാഴം വരെ എംസി റോഡില്‍ വാഹനഗതാഗതം തടസപെട്ടു. കടപ്പാക്കടയിലെ എസ്ബിഐക്കു സമീപത്തെ വളവില്‍ പോലീസ് മറഞ്ഞു നിന്ന് വാഹനപരിശോധന നടത്തുന്നത് നിരവധി അപകടങ്ങള്‍ ഉണ്ടാക്കുന്നതായി വ്യാപകമായ പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.