ദിലീപിന്റെ സുരക്ഷയ്ക്കായി എത്തിയ 'തണ്ടര്‍ ഫോഴ്‌സ്' പോലീസ് പിടിയില്‍

Saturday 21 October 2017 10:20 pm IST

കൊട്ടാരക്കര: ദിലീപിന് സുരക്ഷ ഒരുക്കുന്നതിന് ചര്‍ച്ച നടത്തിയ ശേഷം മടങ്ങിയ 'തണ്ടര്‍ ഫോഴ്‌സ്' സ്വകാര്യ സായുധ സംഘത്തെ കൊട്ടാരക്കര പോലീസ കസ്റ്റഡിയിലെടുത്തു. നടന്‍ ദിലീപിന് സുരക്ഷയൊരുക്കാനായി എറണാകുളത്ത് ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയ സംഘത്തെയാണ് ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദേശമനുസരിച്ച് കൊട്ടാരക്കര പുലമണില്‍ വച്ച് പോലീസ് തടഞ്ഞത്. രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചു. ദിലീപിന്റെ വീട്ടില്‍ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എംസി റോഡില്‍ വാഹന പരിശോധനയ്ക്കിടെ കാറുകള്‍ കണ്ടെത്തിയ പോലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയില്‍ ഇവരെ തടഞ്ഞു. പരിശോധനയുമായി ഇവര്‍ സഹകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. വിവരമറിയച്ചതനുസരിച്ച് എസ്‌ഐയും സിഐയും അടങ്ങുന്ന പോലീസ് സ്ഥലത്തെത്തി. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയിലാണ് പോലീസിനോപ്പം പോകാന്‍ ഇവര്‍ തയ്യാറായത്. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്സിന്റെ കേരളത്തിലെ ശാഖ തൃശ്ശൂരാണ് ഉള്ളത്. ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന 'തണ്ടര്‍ഫോഴ്സ്' ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ രണ്ടു പേരുടെ പക്കല്‍ റിവോള്‍വറുകള്‍ ഉണ്ടായിരുന്നു. പരിശോധനയില്‍ ലൈസന്‍സുള്ളതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിടാനാണ് ഇവര്‍ എത്തിയതെന്നും രേഖകളില്‍ കുഴപ്പമില്ലാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നും പോലീസ് പറഞ്ഞു.