ഒരു ശവകുടീരം തന്ന നോവലും ബുക്കര്‍ പ്രൈസും

Saturday 21 October 2017 4:57 pm IST

ഒരു ശവകുടീരംകണ്ടു മനസില്‍ വളര്‍ന്ന കഥാബീജം നോവലായിത്തീര്‍ന്നതാണ് ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ന്റേഴ്‌സിന്റെ ഈ ആദ്യനോവലിനാണ് ഇത്തവണ ബുക്കര്‍ പ്രൈസ്. ഒരു മലയുടെ മുകളില്‍ കണ്ട ആ ശവകുടീരം അമേരിക്കന്‍ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ മകന്‍ വില്ലിയുടേതായിരുന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് ടൈഫോര്‍ഡ് പിടിപെട്ടായിരുന്നു വില്ലിയുടെ മരണം. ലിങ്കനെ മകന്റെ മരണം തകര്‍ത്തു കളഞ്ഞു. ലിങ്കണ്‍ ഇടയ്ക്ക് അവിടെ വന്ന് മകന്റെ ശവകുടീരം കെട്ടിപ്പിടിച്ചു കരയുമായിരുന്നു. ഭാര്യയുടെ ഒരു ബന്ധുവില്‍ നിന്നാണ് ആ ശവകുടീരത്തെക്കുറിച്ച് സാന്‍ന്റേഴ്‌സ് കേട്ടത്. ഇരുപതു വര്‍ഷത്തോളം അതു മനസില്‍ കൊണ്ടുനടന്നു. ജീവിതത്തില്‍ വലിയ ദുന്തങ്ങള്‍ നേരിട്ടപ്പോഴും പിടിച്ചു നിന്ന ലിങ്കണ്‍ പക്ഷേ, സ്വന്തം മകന്റെ വേര്‍പാടില്‍ തകര്‍ന്നു തരിപ്പണമായതിനു പിന്നിലെ വേദനകളും ഒരു ശവകുടീരം ഉണര്‍ത്തുന്ന അതീത ഭാവനകളും ഇഴുകിച്ചേര്‍ന്ന് ഒരു നോവലിന്റെ പരുവപ്പെടല്‍ എഴുത്തുകാരനില്‍ നടക്കുകയായിരുന്നു. ശവകുടീരവുമായി ബന്ധപ്പെട്ട് പ്രേതാത്മകമായൊരു സങ്കല്‍പ്പം ഈ രചനയ്ക്കു പിന്നിലുണ്ട്. ഇതാകട്ടെ പൗരസ്ത്യ ദേശങ്ങളിലെ അതിബൃഹത്തായ തത്വചിന്തയില്‍നിന്നുകൂടി എടുത്തതാണ്. കിഴക്കനിടങ്ങളിലെ ശവകുടീരത്തേയും പ്രേത സങ്കല്‍പ്പങ്ങളേയുംകുറിച്ചുള്ള മനനങ്ങള്‍ ഈ നോവലെഴുത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. ശവകുടീരം കാണുന്നവരുടെ വീക്ഷണ കോണിലൂടെയാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. ആക്ഷേപ ഹാസ്യത്തെ മുന്‍നിര്‍ത്തി ചെറുകഥകള്‍ രചിച്ചിരുന്ന ആന്‍ന്റേഴ്‌സന്‍ തന്റെ ആദ്യനോവലിനു കണ്ടെത്തിയ പ്രമേയവും അതു ധ്യാനനിരതമായി ഇരുപതുവര്‍ഷം ഹൃദയത്തില്‍ കൊണ്ടു നടന്ന് ഉലയിലെന്നപോലെ ഊതിക്കാച്ചിയെടുത്തതും രചനയുടെ തന്നെ സവിശേഷതയാണ്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.