ദലൈലാമയെ കാണുന്നത് ക്രിമിനല്‍ കുറ്റം: ചൈന

Saturday 21 October 2017 7:26 pm IST

ബീജിങ്: ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയെ ആരും കാണരുതെന്ന് ലോകനേതാക്കള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയെ ഏതെങ്കിലും വിദേശ നേതാക്കള്‍ സന്ദര്‍ശിച്ചാല്‍ അത് വലിയ കുറ്റമായി കരുതും. ചൈനയെ പരമാധികാര രാജ്യമായി അംഗീകരിച്ചിട്ടുള്ളവര്‍ അങ്ങനെ ചെയ്യരുതെന്നും ചൈനീസ് മന്ത്രി ഷാങ്ങ് ജിയോങ്ങ് പറഞ്ഞു. വിദേശരാജ്യങ്ങളുടെ വാദങ്ങള്‍ അംഗീകരിക്കുകയുമില്ല. ജീവിക്കുന്ന ബുദ്ധനെന്ന് പറയുന്ന, പതിനാലാമത് ദലൈലാമ മതവേഷമണിഞ്ഞ രാഷ്ട്രീയക്കാരനാണ്. സ്വന്തം മാതൃഭൂമിയെ വഞ്ചിച്ച് മറ്റൊരു രാജ്യത്തേക്ക് മുങ്ങി അവിടെ പ്രവാസി സര്‍ക്കാരുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയെ പരോക്ഷമായി സൂചിപ്പിച്ച് ജിയോങ്ങ് പറഞ്ഞു. ഈ പ്രവാസി സര്‍ക്കാരിന് ടിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്തുകയെന്ന അജണ്ട മാത്രമാണുള്ളത്. നിയമാനുസൃതമായ ഒരു സര്‍ക്കാരും ദലൈലാമയെ അംഗീകരിച്ചിട്ടില്ല. കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് ദലൈലാമക്ക് ആതിഥ്യമരുളുന്നത്. അദ്ദേഹം മതാചാര്യനാണെന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. ചൈനയുടെ പരമാധികാരവും സൗഹൃദവും കണക്കിലെടുത്ത് ലോകരാജ്യങ്ങള്‍ നിയന്ത്രണം പാലിക്കണം. ടിബറ്റിലെ ചൈനയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഘടന വാദിയായിട്ടാണ് ചൈന ദലൈലാമയെ കാണുന്നത്. ടിബറ്റിനെ ചൈനയുടെ അവിഭാജ്യഘടകമായി ലോക രാജ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് അവരുടെ നിലപാട്. അടുത്തിടെ ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ ചൈന ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം വിജയിക്കാത്തതിനെത്തുടര്‍ന്ന് 1959ലാണ് ദലൈലാമ ടിബറ്റില്‍ നിന്ന് രക്ഷപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.