പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മത തീവ്രവാദം- ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം

Saturday 21 October 2017 9:32 pm IST

തൃശൂര്‍ : പകല്‍ കമ്മ്യൂണിസം; ഇരുളിന്റെ മറവില്‍ മത തീവ്രവാദം. കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസിന്റെ പിടിയിലായ കെ.കെ.ഷിഹാബ് ലക്ഷ്യമിട്ടത്് നാട്ടില്‍ വലിയ വര്‍ഗീയ കലാപം. സിപിഐ യുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയാണ് ഷിഹാബ്. ഒരു പ്രമുഖ പത്രത്തിന്റെ വ്യാജ പതിപ്പുണ്ടാക്കി വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സമൂഹ മാധ്യമങളില്‍ പ്രചാരണം നടത്തിയതിനാണ് ഷിഹാബിനെ പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ഷിഹാബിനു പുറമേ പാര്‍ട്ടിയിലെ മറ്റു ചിലരും ബന്ധപ്പെട്ടിട്ടുള്ളതായാണ് കരുതുന്നത്. ചേര്‍പ്പ് മേഖലയില്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ ഇക്കൂട്ടര്‍ നടത്തിയിട്ടുണ്ട്. വര്‍ഗീയ നിലപാടുകള്‍ സായാഹ്നപത്രത്തിന്റെ രൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. അന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചിലര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. പിന്നീടാണ് പ്രമുഖ പത്രത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയത്. സിപിഐയിലും സിപിഎമ്മിലും എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിമുറുക്കുന്നതിന്റെ സൂചനയായാണ് പോലീസ് ഇതിനെ കാണുന്നത്. തീവ്ര മുസ്ലീം വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനും എസ്ഡിപിഐക്കും നേരിട്ട് വേരുറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്മ്യൂണിസത്തിന്റെ മറവില്‍ മുസ്ലീം മതമൗലികവാദവും തീവ്രവാദവും പ്രചരിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പകല്‍ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായി രംഗത്തിറങ്ങുന്ന ഇവര്‍ രഹസ്യമായി തീവ്രവാദ സംഘടനകളുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് . സിപിഎമ്മിന്റെയും സിപിഐയുടെയും പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് സമൂഹത്തിലുള്ള അംഗീകാരം ഉപയോഗിച്ച് മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എന്‍.ഡി.എഫ് - എസ്ഡിപിഐ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തന്നെയാണ് ഈ നുഴഞ്ഞുകയറ്റം. സിപിഐയേക്കാള്‍ സിപിഎമ്മിലാണ് ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ അധികവും. സിപിഎം നേതൃത്വത്തിന് ഇക്കാര്യത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലും ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളില്‍ ഇത്തരക്കാരുടെ എണ്ണം വളരെയേറെയാണ്.സൈബര്‍ ലോകത്താണ് ഇവര്‍ കൂടുതലും തങ്ങളുടെ മത അജണ്ടകള്‍ വെളിപ്പെടുത്തുന്നതും വര്‍ഗീയ വിഷം വിതക്കുന്നതും. പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഇവരുടെ ബാഹുല്യം നിമിത്തം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സിപിഎമ്മിനും എസ്ഡിപിഐക്കും ഒരേസ്വരമാണ്. ആസൂത്രിത നുഴഞ്ഞുകയറ്റം വിജയിക്കുന്നതിന്റെ ലക്ഷണമായാണ് ഇതിനെ പോലീസും നിരീക്ഷകരും വിലയിരുത്തുന്നത്.