സിപിഎം ലോക്കല്‍ സമ്മേളനം നടത്താന്‍ സ്‌കൂളിന് അവധി

Saturday 21 October 2017 9:33 pm IST

കുന്നത്തൂര്‍ (കൊല്ലം): വിദ്യാഭ്യാസ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം ലോക്കല്‍ സമ്മേളനം നടത്താന്‍ യുപി സ്‌കൂളിന് അവധി നല്‍കി. അദ്ധ്യാപകര്‍ എത്താത്തിനാലാണ് സ്‌കൂളിന് അവധി നല്‍കിയതെന്ന വിചിത്ര വാദവുമായി സിപിഎം നേതാവിന്റെ ഭാര്യകൂടിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍. ശൂരനാട് വടക്ക് ആനയടി ആര്‍കെ യുപി സ്‌കൂളിലാണ് ഇന്നലെ അധ്യയനം മുടക്കി സിപിഎം ലോക്കല്‍ സമ്മേളനം നടത്തിയത്. വിദ്യാഭ്യാസ സംരക്ഷണ ചട്ടപ്രകാരം ഇരുനൂറ് അധ്യയന ദിവസങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തി ദിനമാണ്. എന്നാല്‍ സ്‌കൂള്‍ പാര്‍ട്ടി സമ്മേളനത്തിനായി അധികൃതര്‍ വിട്ട് കൊടുക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ഇതും ലംഘിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ചാണ് സിപിഎം സ്‌കൂള്‍ നേടിയത്. സിപിഎം നേതാവായ രാജ്യസഭാ എംപിയുടെ ഭാര്യയാണ് ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഒഫീസര്‍. ലോക്കല്‍ സമ്മേളനത്തിനായി കൊടി തോരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ അലങ്കരിച്ചിരുന്നു. സ്‌കൂള്‍ അങ്കണത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ ശേഷമാണ് രാവിലെ സമ്മേളനത്തിന് തുടക്കമായത്. സ്‌കൂളില്‍ അധ്യയനം മുടക്കി സമ്മേളനം നടക്കുന്ന വിവരം അറിയിച്ചെങ്കിലും അധ്യപകര്‍ എത്തിയിട്ടില്ലെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞത്. അധ്യയന മുടക്കി സിപിഎം ലോക്കല്‍ സമ്മേളനം നടത്താന്‍ സ്‌കൂള്‍ വിട്ട് കൊടുത്ത നടപടിക്കെതിരെ നിയമനടപടികളും സമരങ്ങളും സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ്. ജിതിന്‍ ദേവ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.