ഭാരതീയ സ്ത്രീത്വത്തിന്റെ അജയ്യത

Saturday 21 October 2017 9:52 pm IST

വ്യവസ്ഥാപിതവും അതിപുരാതനവുമായ സാംസ്‌കാരിക പാരമ്പര്യമാണല്ലോ ഭാരതത്തിനുള്ളത്. സംസ്‌കാരമെന്നത്, ഭൗതിക ജീവിതത്തിന്റെയും മാനസിക സമീപനത്തിന്റെയും സമന്വയമെന്ന് പറയാം. എങ്കിലും, അതിന് പൂര്‍ണത കൈവരുന്നത് ആത്മീയപരമായ ഘടകങ്ങളുംകൂടി ചേരുമ്പോഴായിരിക്കും. ലോകത്തില്‍ വച്ചുതന്നെ, അവ സംഭാവന ചെയ്യുന്നത് ഭാരതീയ ദര്‍ശനങ്ങളാണ്. ധര്‍മ്മാധിഷ്ഠിതമായ നമ്മുടെ ദര്‍ശനങ്ങളില്‍, 'സ്ത്രീ'ക്ക് ഉന്നത സ്ഥാനമുണ്ട്. കാരണം, മറ്റ് ലോക സംസ്‌കാരങ്ങളില്‍നിന്ന് ഭാരതത്തിനെ വേറിട്ടു നിര്‍ത്തുന്ന ഒന്നാണല്ലോ, കുടുംബ സങ്കല്‍പം. സംശുദ്ധമായ, സുദൃഢമായ കുടുംബ വ്യവസ്ഥിതിയിലെ പ്രധാന കണ്ണി സ്ത്രീയാണ്. അമ്മ, ഭാര്യ, മകള്‍, സഹോദരി മുതലായ തലങ്ങളില്‍ പ്രതിരൂപങ്ങളായ പുരുഷനേക്കാളും പങ്ക് സ്ത്രീയ്ക്കാണ്.അവരവരുടെ'ധര്‍മ്മ'ങ്ങളില്‍നിന്ന് 'സ്ത്രീ'യും 'പുരുഷനും' വ്യതിചലിക്കുമ്പോള്‍ മുതല്‍ നമ്മുടെ സാംസ്‌കാരികാസ്തിത്വം ഇളകിത്തുടങ്ങുന്നു. അതോടൊപ്പം സ്ത്രീയാണ് കുടുംബത്തിന്റെ നട്ടെല്ല് എന്നുവിശ്വസിച്ച്, പാലിച്ചുപോരുന്ന നമ്മുടെ സംസ്‌കാരത്തില്‍, വിവാഹം, ദാമ്പത്യം, മാതൃത്വം ഇവയൊക്കെ പവിത്രമായ സങ്കല്‍പ്പങ്ങളാണ്. നമ്മുടെ ദര്‍ശനങ്ങളില്‍ മുഴുവനും 'യജ്ഞ' ഭാവമാണുള്ളത്. ജീവിതത്തിന്റെ സമസ്തമേഖലകളിലും യജ്ഞഭാവനയില്‍ വര്‍ത്തിക്കുകയും തന്നാല്‍ ആവുന്ന രീതിയില്‍ പങ്ക് വഹിക്കുകയും ചെയ്യുക എന്നര്‍ത്ഥം. ഇത്തരം യജ്ഞഭാവന ജീവിതത്തിന്റെ ആദ്യപടിയാണ് കുടുംബജീവിതം. അവിടെ സ്ത്രീയും പുരുഷനും തുല്യരായ മനുഷ്യരാണ്. രണ്ട് കൂട്ടരും ഒരുമിച്ച് ദൈവികപരമായ (യജ്ഞപരമായ) പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടട്ടെയെന്ന് മഹര്‍ഷി അരവിന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'യജ്ഞ'ഭാവത്തിലൂടെയുള്ള ജീവിതവൃത്തി, മറ്റൊര്‍ത്ഥത്തില്‍, പുരുഷാര്‍ത്ഥങ്ങള്‍ക്ക് (ധര്‍മ്മം, അര്‍ത്ഥം, കാമ, മോക്ഷം) അധിഷ്ഠിതമാണ്. ഈ അവസ്ഥയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിസ്വാര്‍ത്ഥമാകുന്നു. അടിസ്ഥാനപരമായി, ത്യാഗ-സേവന ഗുണങ്ങളുടെ ഉടമയാണ് സ്ത്രീ. ഇത്തരത്തില്‍ ജീവിക്കുന്നതിനുള്ള സാഹചര്യം സ്ത്രീക്ക് ഉണ്ടാക്കിക്കൊടുത്ത്, ഒപ്പം ജീവിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടതെന്നും മഹര്‍ഷി അരവിന്ദന്‍ പറഞ്ഞിരിക്കുന്നു. വേദ-പുരാണ കാലഘട്ടത്തിലെ, 'സ്ത്രീ'യെ കുറിച്ച് വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ കാണാനും പഠിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. ഋഗ്വേദം, ബൃഹദാരണ്യോപനിഷത്ത്, സമൃതികള്‍, പുരാണങ്ങള്‍, തിരുക്കുറള്‍, ചാണക്യദര്‍ശനങ്ങള്‍, വിവേകാനന്ദ ദര്‍ശനങ്ങള്‍. മഹര്‍ഷി അരവിന്ദ ദര്‍ശനങ്ങള്‍, ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇവയെല്ലാം ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തിനെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്. ആധുനികകാലത്തെ സ്ത്രീകളേക്കാളും കരുത്തരും സ്വതന്ത്രരുമായിരുന്നു അക്കാലങ്ങളിലെ സ്ത്രീകള്‍. കുടുംബത്തില്‍നിന്നും തന്റെ വ്യക്തിത്വത്തെ (ത്യാഗം, സേവനം) കുട്ടികളില്‍കൂടി സമൂഹത്തിന് പ്രദാനം ചെയ്യുകയാണ് കുടുംബിനിയുടെ ധര്‍മ്മമായി സ്വാമി വിവേകാനന്ദന്‍ പറയുന്നത്. കാര്യശേഷി, അര്‍പ്പണബോധം, നിര്‍ഭയത്വം എന്നീ ഗുണങ്ങളുടെ ആധാരമായിട്ടാണ് സ്ത്രീശക്തിയെ സ്വാമിജി കാണുന്നത്. നമ്മുടെ ദര്‍ശനങ്ങളില്‍ സ്ത്രീയും പ്രകൃതിയും ഒന്നാണല്ലോ. കാരണം, പ്രപഞ്ചത്തിലെ സ്‌ത്രൈണ ജീവജാലങ്ങള്‍ക്കേ തലമുറകളെ നിലനിര്‍ത്താന്‍ സാധിക്കൂ. മഹര്‍ഷി അരവിന്ദന്റെ അഭിപ്രായത്തില്‍, മാതാവ്, മഹത്തായ അറിവിന്റെ (ജ്ഞാനം) ഉറവിടമാണ്, അതുകൊണ്ട് മഹേശ്വരിയാണ്. മാതാവ് മഹാശക്തിയാണ്, മഹാകാളിയാണ്. കാരണം സ്വന്തം ധൈര്യം, ബലം, തപസ്സ്, ഉത്സാഹം എന്നിവകൊണ്ട് അറിവില്ലായ്മയേയും അനീതിയേയും തച്ചുടക്കുന്നവളാണ്. മാതാവ് മഹാലക്ഷ്മിയാണ്. കാരണം, പരമോന്നത സ്‌നേഹമാണ്, ഐശ്വര്യമാണ്, ശാന്തതയാണ്, സൗന്ദര്യമാണ്. മാതാവ് മഹാസരസ്വതിയാണ്. കാരണം, നിപുണതയുടെ ദേവതയാണ്, ആത്മീയതയുടെ പ്രാവര്‍ത്തികതയാണ് (on women compiled from the writings of Sri Arobindo and the Mother, Sri Arobindo society Pondicherry). സ്വാമി വിവേകാനന്ദന് ഭാരതീയ സ്ത്രീകള്‍ എങ്ങനെ ആയിരുന്നുവെന്നും, എങ്ങനെ ആയിരിക്കണമെന്നും വ്യക്തമായ കാഴ്പ്പാടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ''"Indian women of the future will reflect a fullness of strength and fearlessness, intrepidity and initiative, long associated with ideals and manhood in our country. but in association with her inherited traits of gentleness and love and service (Eternal values of changing society, Swami Ranganadhananda P.78 Vo. III).'' .'' അതുകൊണ്ട് സ്ത്രീ ശാക്തീകരണം, ഇന്നത്തെപ്പോലെ ഭൗതികതലങ്ങളില്‍ മാത്രം പോരാ, ആത്മീയപരവുമാകണമെന്ന് സ്വാമിജി ഉദ്‌ഘോഷിക്കുന്നു. ഇന്നത്തെ ലോകവ്യവസ്ഥിതി ആഗോളവത്കരണമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും അതിന് പുതുമയൊന്നും ഇല്ല. നൂറ്റാണ്ടുകളായി പാശ്ചാത്യര്‍ സ്വീകരിച്ച് വന്നിരുന്ന അധിനിവേശങ്ങള്‍, കോളനിവല്‍ക്കരണങ്ങള്‍, സാമ്രാജ്യത്വവല്‍ക്കരണങ്ങള്‍ ഇവയുടെയെല്ലാം പുത്തന്‍ രീതിയെന്നോ പേരെന്നോ അതിനെ പറയേണ്ടൂ. ഇത്തരം പ്രക്രിയകള്‍ ഉന്നംവച്ചിരുന്നത്, അധിനിവേശങ്ങള്‍ക്ക് വിധേയമായ രാഷ്ട്രങ്ങളിലെ സ്ത്രീകളെയും സംസ്‌കൃതികളെയുമായിരുന്നു. അതിലവര്‍ കുറെയൊക്കെ വിജയിച്ചുകൊണ്ടിരുന്നതിന് ഉദാഹരണമാണ് ഓരോ വര്‍ഷത്തെയും അന്താരാഷ്ട്ര വനിതാ ദിനാചരണങ്ങള്‍. സ്ത്രീ സ്വാതന്ത്ര്യം, സമത്വം, അതിജീവനം, ശാക്തീകരണം, സ്ത്രീപക്ഷം മുതലായ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള തികച്ചും പാശ്ചാത്യവത്കൃതമായ ആചരണങ്ങള്‍. പ്രായോഗിക ജീവിതം തൊട്ടുതീണ്ടാത്ത വാചകമടികളും പ്രചാരണങ്ങളും നടത്തുന്ന 'സ്ത്രീപക്ഷ മുന്നേറ്റ'ക്കാര്‍ എക്കാലത്തും ഒരു കാര്യത്തില്‍ മൗനം ഭഞ്ജിക്കുന്നു- മുത്തലാക്ക്, ഏകീകൃത സിവില്‍ നിയമം. അവരുടെ ഇരട്ടത്താപ്പ് പ്രകടമാണല്ലോ. ചിന്താഗതിയില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പകരം, ശാരീരിക വസ്ത്രധാരണ വ്യത്യാസം ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ആധുനിക വിദ്യാഭ്യാസവും ലോകവ്യവസ്ഥിതിയും നമ്മുടെ ജീവിതചര്യയെ വളരെ സ്വാധീനിക്കുന്നുണ്ട്. എന്നുവരികിലും, പാശ്ചാത്യമായ നല്ലതിനെ സ്വാംശീകരിച്ച്, നമ്മുടെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. സ്ത്രീയും പുരുഷനും അവരവരുടെ വ്യക്തി, കുടുംബം, സാമൂഹ്യരാഷ്ട്ര ജീവിതമേഖലകളില്‍ ഒപ്പം പങ്കുചേരാന്‍ തയ്യാറാവണം. സ്വാതന്ത്ര്യാനന്തര 'ചരിത്രകാരന്മാ'രോ, 'ബുദ്ധിജീവി'കളോ, മനഃപൂര്‍വം ചെയ്യാതിരുന്ന വലിയൊരു ദൗത്യമാണ് ഇന്ന് നമ്മുടെ മുന്‍പിലുള്ളത്. വികലമായ വിദ്യാഭ്യാസംകൊണ്ടും 'സംസ്‌കൃതഭാഷയോടുള്ള അവഗണനകൊണ്ടും, സ്വാതന്ത്ര്യത്തിനു മുന്‍പും ഇന്നും നടന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍കൊണ്ടും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തെ, തലമുറകളിലേക്ക് പകര്‍ത്തേണ്ടതുണ്ട്. ഈയൊരു ഉത്തരവാദിത്വത്തില്‍നിന്ന് നമ്മുടെ അമ്മമാര്‍ക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല. അവര്‍ അതിന് ഇനിയും മടിക്കുന്നുവെങ്കില്‍ വിഷലിപ്തമായ ഇന്നത്തെ തലമുറയോടെ നമ്മുടെ മഹത്തായ പൈതൃകവും കുഴിച്ചുമൂടപ്പെടാം. തങ്ങളില്‍ നിക്ഷിപ്തമായ ചുമതലാബോധത്തെ ഊട്ടിയുറപ്പിക്കുന്നതിനുള്ള വേദിയായി പരമേശ്വര്‍ജി നവതി ആഘോഷം മാറുമെന്ന് ആശിക്കാം. (ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷയാണ് ലേഖിക)