മഹാമനീഷി

Saturday 21 October 2017 9:55 pm IST

പ്രൊഫ.തുറവൂര്‍ വിശ്വംഭരന് എറണാകുളം എളമക്കരയിലെ ഭാസ്‌കരീയത്തില്‍ ഡോ.മുരളീ മനോഹര്‍ ജോഷി ജന്മാഷ്ടമി പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

ആര്‍ഷമായ നിസ്സംഗത- അതാണ് തുറവൂര്‍ വിശ്വംഭരന്‍ മാഷ്. സംസ്‌കൃതപണ്ഡിതന്‍. ജ്യോതിശ്ശാസ്ത്രവും ആയുര്‍വേദവും പഠിച്ചിട്ടുണ്ട്. തര്‍ക്കവും വേദാന്തവും അഭ്യസിച്ചിരുന്നു. പണ്ഡിതനായ പിതാവില്‍ നിന്നുതന്നെയാണ് ഗുരുകുല സമ്പ്രദായമനുസരിച്ച് ഈ വിദ്യകളെല്ലാം സ്വായത്തമാക്കിയത്. ദീര്‍ഘകാലം കോളജദ്ധ്യാപകനായിരുന്നു. ഇത്രയും പശ്ചാത്തലമുള്ള ഒരു വ്യക്തി വളരെക്കാലം എന്തെങ്കിലും എഴുതി പേരെടുക്കാതിരിക്കാനുള്ള ഒരേ ഒരു കാരണം എല്ലാം അറിഞ്ഞവന്റെ നിസ്സംഗത തന്നെയാവണം. അങ്ങനെയൊരാള്‍ക്കേ മഹാഭാരതപര്യടനംപോലെ ഒരു കൃതി എഴുതാനാകൂ. മാഷിന്റെ ഒരേ ഒരു കൃതി ആണ് ഡി.സി. ബുക്ക്‌സ് പ്രസാധനം ചെയ്ത മഹാഭാരത പര്യടനം. പല കാലങ്ങളിലായി പല പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ഷഷ്ടിപൂര്‍ത്തിയോടടുത്ത കാലത്ത് മാഷ് ‘സമകാലിക മലയാളം’ വാരികയില്‍ വ്യാസഭാരതത്തെ ആസ്പദമാക്കി രചിച്ച ലേഖനപരമ്പരയാണ് പിന്നീട് മഹാഭാരത പര്യടനമായി പ്രസിദ്ധപ്പെടുത്തിയത്. (ഭാരതദര്‍ശനം: പുനര്‍വായന. 16.08.2002-30.12.2005 സമകാലിക മലയാളം) ഈ വിഷയത്തിലുള്ള തന്റെ അഗാധപാണ്ഡിത്യം സംഭാഷണങ്ങളിലൂടെയും മറ്റും അറിഞ്ഞ അടുത്ത ചില സുഹൃത്തുക്കളുടെ പ്രേരണയാലാണ് ഈ പരമ്പര എഴുതിയതെന്നറിയുന്നു. അല്ലാതെ ലേഖനമെഴുതാനും പുസ്തകം പ്രസിദ്ധപ്പെടുത്താനുമൊന്നും മിനക്കെടുന്നതല്ല വിശ്വംഭരന്‍ മാഷിന്റെ രീതി.

2002 ആഗസ്റ്റില്‍ ലേഖനപരമ്പര തുടങ്ങിയപ്പോള്‍ത്തന്നെ അതിപ്രശസ്തരായ എഴുത്തുകാര്‍ മുതല്‍ സാധാരണ വായനക്കാര്‍വരെയുള്ളവരുടെ പ്രതികരണങ്ങളുണ്ടായി. യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടായി. വേണമെങ്കില്‍ പരമ്പര തുടരാം, എപ്പോള്‍ വേണമെങ്കിലും എഴുത്തുനിര്‍ത്താം എന്നതായിരുന്നു മാഷിന്റെ നിലപാട്.

വേദകല്‍പിതമായ ജീവിതദര്‍ശനം അസ്തിവാരമാക്കി സാര്‍വലൗകിക പ്രസക്തിയുള്ള ഒരു ഇതിഹാസം രചിക്കുകയാണ് കൃഷ്ണദ്വൈപായനന്‍ ചെയ്തതെന്ന് വിശ്വംഭരന്‍മാഷ് വിശദീകരിക്കുന്നു. ”മഹാഭാരതത്തിന്റെ അന്തഃസത്ത കണ്ടെത്തുന്നതിന് അതിന്റെ രചനയുടെ ഗണിതവും ശില്‍പവിദ്യയുമായ വേദദര്‍ശനം- ഉപനിഷദ്ദര്‍ശനം- അന്വേഷണദീപമായി പ്രജ്ഞയില്‍ ജ്വലിച്ചുനില്‍ക്കണം. (മഹാഭാരതപര്യടനം, പേജ് 12) ദൗര്‍ഭാഗ്യവശാല്‍, കുട്ടികൃഷ്ണമാരാര് തൊട്ടിങ്ങോട്ട് ഭാരതത്തെ ആശ്രയിച്ചും ആസ്പദമാക്കിയും രചന നടത്തിയവര്‍ ഏറിയകൂറും വ്യാസന്റെ സൂചനകളില്‍ നിന്നു വ്യതിചലിച്ചതായി മഹാഭാരതപര്യടനം വായിക്കുമ്പോള്‍ മനസ്സിലാവുന്നു.

താന്‍ സൃഷ്ടിക്കുന്ന ഇതിഹാസത്തിന്റെ ചുരുക്കം, തുടക്കത്തില്‍ത്തന്നെ രണ്ടു മുഖ്യകഥാപാത്രങ്ങളെ താരതമ്യം ചെയ്തവതരിപ്പിക്കുക വഴി വ്യാസന്‍ നമുക്കു പറഞ്ഞുതരുന്നുണ്ട്. ഒരു കഥാപാത്രം യുധിഷ്ഠിരനാണ്. ധര്‍മ്മമയനായ യുധിഷ്ഠിരന്‍. ആ വന്‍മരത്തിന് തണ്ട് അര്‍ജുനനാണ്, കൊമ്പുകള്‍ ഭീമനും. നകുല-സഹദേവന്മാര്‍ പൂക്കളും കായ്കളും. വേര്, കൃഷ്ണനും ബ്രഹ്മവും ബ്രാഹ്മണരും. മറ്റേ മുഖ്യ കഥാപാത്രം ദുര്യോധനനാണ്. അതും ഒരു വന്‍മരം. അതിന്റെ തണ്ട് കര്‍ണന്‍. കൊമ്പുകള്‍ ശകുനി. ദുശ്ശാസനന്‍ പൂക്കളും കായ്കളും. വേര്, വ്യാസന്‍ എടുത്തുപറയുന്നു, ബുദ്ധി നശിച്ച ധൃതരാഷ്ട്രര്‍.

അപ്പോള്‍, ഈ മഹത്തായ കൃതിയെ ഉപജീവിച്ച് പഠനങ്ങളും ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും നിര്‍വഹിച്ച നമ്മുടെ പല എഴുത്തുകാരും വ്യാസന്റെ വഴിയേ അല്ല പോയത് എന്നതല്ലേ വസ്തുത. അവര്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതിഹാസകൃതികളെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ഏതു കൃതിയെയും ശരിയായി വിലയിരുത്താന്‍ ഇനിയിപ്പോള്‍ മലയാളി പ്രാപ്തനായിരിക്കുന്നു. ഇതിഹാസം എങ്ങനെ വായിക്കണം എന്നു മലയാളി മഹാഭാരതപര്യടനത്തിലൂടെ മനസ്സിലാക്കി. മഹര്‍ഷിതുല്യനായ വിശ്വംഭരന്‍ മാഷ് എന്ന എഴുത്തുകാരനെയും മലയാളി അറിഞ്ഞു.

മഹര്‍ഷിതുല്യന്‍ എന്നല്ല മഹര്‍ഷി എന്നുതന്നെ പണ്ഡിതനായ ഈ എഴുത്തുകാരനെ വിളിക്കണം എന്നു മലയാളി അറിയുന്നു; അമൃത ചാനലിലൂടെ വരുന്ന ഭാരതദര്‍ശനം പരിപാടി അനുഭവിക്കുമ്പോള്‍. തന്റെ കൂടെ ഇരിക്കുന്ന ജ്ഞാനികളായ ചോദ്യകര്‍ത്താക്കളുന്നയിക്കുന്ന ഏതു സംശയത്തിനും കൃത്യവും വ്യക്തവുമായ മറുപടി അവിടെ ലഭിക്കുന്നു. ക്വാണ്ടം സിദ്ധാന്തമായാലും, കണികാ പരീക്ഷണമായാലും, വൈരുദ്ധ്യാത്മക ഭൗതികവാദമായാലും വേദാന്തവും ആദ്ധ്യാത്മിക-സാമൂഹ്യ-സാംസ്‌കാരിക സമസ്യകള്‍ ആയാലും ഒരു ചോദ്യത്തില്‍നിന്നും മാഷ് ഒഴിഞ്ഞുമാറാറില്ല. കുയുക്തികളോ വിതണ്ഡവാദമോ ഒട്ടുമേ ഇല്ല. ചോദ്യകര്‍ത്താവിന് തൃപ്തി നല്‍കുന്ന മറുപടി ലഭിക്കും. ഒരിക്കലും ഒരു ആശയത്തോടും അമിതമായ ഒട്ടിച്ചേരലില്ല. തനിക്കു ശരിയല്ലെന്നു തോന്നുന്ന ആശയഗതികളെ വിമര്‍ശിക്കുമ്പോഴും മൂര്‍ച്ചയുള്ള നര്‍മ്മം പ്രയോഗിക്കുമ്പോഴും ഋഷിയുടെ ഔന്നത്യത്തിലാണദ്ദേഹം.

വൈവിധ്യമുള്ള ഏതു പ്രവര്‍ത്തനത്തിലായാലും നേരത്തെ പറഞ്ഞ നിസ്സംഗത ഞാന്‍ വിസ്മയത്തോടുകൂടി നോക്കിനിന്നിട്ടുണ്ട്. ഭഗവദ്ഗീതയില്‍ പറയുന്നതുപോലെ അസംഗനായിട്ട് ലോകനന്മ ലക്ഷ്യമാക്കി കര്‍മ്മം ചെയ്യുന്ന ജ്ഞാനി.
(സക്താഃ കര്‍മ്മണ്യ വിദ്വാംസഃ
യഥാ കുര്‍വന്തി ഭാരത
കുര്യാദ്വിദ്വാംസ്തഥാസക്തഃ
ചികീര്‍ഷുര്‍ ലോക സംഗ്രഹം
ഗീത 3-25)

പൊതുവേദിയിലോ പത്രമാസികാദി പ്രസിദ്ധീകരണങ്ങളിലോ പ്രത്യക്ഷപ്പെടാന്‍ ഒരു താത്പര്യവുമില്ല. മഹാഭാരതപര്യടനം പുറത്തിറങ്ങിയശേഷം, അമൃതാ ചാനലിലൂടെ പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചതോടെ, പല പല വേദികളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും നിരന്തരം ക്ഷണിക്കപ്പെടുന്ന വ്യക്തിത്വമായി തുറവൂര്‍ വിശ്വംഭരന്‍ മാറുകയുണ്ടായി. എങ്കില്‍പ്പോലും എല്ലായിടത്തുമൊന്നും അങ്ങനെ അദ്ദേഹം പോകാറുണ്ടായിരുന്നില്ല. തനിക്കു പോകണമെന്നു തോന്നിയാല്‍ പോകും. അല്ലെങ്കില്‍ ആരു വിളിച്ചാലും വയ്യെന്നു പറയും. ആര്‍ഷമായ ആ നിസ്സംഗത, അത് മാഷിന്റെ ചിരിയിലും പൊട്ടിച്ചിരിയിലും കാണാം.

ജന്മാഷ്ടമി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും രേവതിപട്ടത്താനസമിതി ഏര്‍പ്പെടുത്തിയ സംസ്‌കൃതപണ്ഡിതനുള്ള മനോരമത്തമ്പുരാട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും മാഷിന്റെ മുഖത്ത് തിളങ്ങിയത് ആ ചിരിയായിരുന്നു. ഒടുവില്‍ ഈ ലോകത്തോടു വിടപറയുമ്പോഴും വിശ്വംഭരന്‍ മാഷിന്റെ മുഖത്തു ആ ചിരി ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.