സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Saturday 21 October 2017 10:02 pm IST

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.കെ. രാജീവ് സംവിധാനം ചെയ്ത് ഫ്ളവേഴ്സ് ചാനല്‍ നിര്‍മിച്ച പോക്കുവെയില്‍ കഥാവിഭാഗത്തില്‍ മികച്ച ടെലി സീരിയലായി. സംവിധാനത്തിനും നിര്‍മാണത്തിനും 25,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും തിരക്കഥാകൃത്തായ ജയരാജ് വിജയിന് 15,000 രൂപയും പ്രശസ്തി പത്രവും ശില്പവും പുരസ്‌കാരമായി ലഭിക്കും. സിസ്റ്റര്‍ സാന്‍ക്റ്റ നിര്‍മിച്ച് സിബി യോഗ്യവീടന്‍ സംവിധാനം ചെയ്ത തപസ്വിനി വിശുദ്ധ ഏവുപ്രാസ്യയ്ക്കാണ് രണ്ടാമത്തെ ടെലിസീരിയലിനുള്ള പുരസ്‌കാരം. 20 മിനിട്ടില്‍ കുറവ് ദൈര്‍ഘ്യമുള്ള മികച്ച ടെലിഫിലിമിന് മാതളനാരങ്ങ അര്‍ഹമായി. 20 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മികച്ച ടെലിഫിലിം പി.കെ. ബിനു നിര്‍മിച്ച് കെ.വി. ശിവപ്രസാദ് സംവിധാനം ചെയ്ത അപ്പൂപ്പന്‍താടിയാണ്. ഉരിയാട്ടത്തിന്റെ തിരക്കഥാകൃത്ത് ടി.എന്‍. സജിമോനാണ് മികച്ച തിരക്കഥാകൃത്ത്. മാമ്പഴം സീസണ്‍ 10 മികച്ച ടിവി ഷോ (എന്റര്‍ടെയിന്‍മെന്റ്) പുരസ്‌കാരത്തിന് അര്‍ഹമായി. ഫ്ളവേഴ്സ് ചാനല്‍ നിര്‍മിച്ച ഉപ്പും മുളകുമാണ് മികച്ച കോമഡി പരിപാടി. ഉപ്പും മുളകും പരിപാടിയിലെ പ്രകടനത്തിന് ബിജു സോപാനം മികച്ച കൊമേഡിയനായി. സഹയാത്രിക, പോക്കുവെയില്‍ പരിപാടികളിലെ അഭിനയത്തിന് ഷഫ്ന നിസാമും ശ്രുതി ലക്ഷ്മിയും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. പോക്കുവെയിലിലെ അഭിനയത്തിന് റീന ബഷീര്‍ മികച്ച രണ്ടാമത്തെ നടിയായി. മാതളനാരങ്ങ പരിപാടിയിലെ പാര്‍വതി ഉണ്ണികൃഷ്ണന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിക്കും. ചാവേര്‍ എന്ന പരിപാടിയിലൂടെ അന്‍സര്‍ ഷാ മികച്ച ക്യാമറാമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എസ്. സൂരജ് ആണ് മികച്ച ചിത്രസംയോജകന്‍. മികച്ച സംഗീത സംവിധായകന്‍ കെ.വി. സുബ്രഹ്മണ്യന്‍ പരിപാടി: ചാവേര്‍. എ.കെ. സാജന്‍ ചെയര്‍മാനും വി.പി. കൃഷ്ണകുമാര്‍, സതീഷ് പൊതുവാള്‍, ഡോ എസ്. പ്രിയാ നായര്‍, പ്രേംകുമാര്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറിയുമായ ജൂറിയാണ് കഥാവിഭാഗത്തിലെ മികച്ചവരെ തെരഞ്ഞെടുത്തത്, വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗങ്ങളായ ഇക്ബാല്‍, പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, എന്‍.പി. സജീഷ് എന്നിവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.