കനാല്‍ മണ്ണിട്ട് നികത്തി ഫ്‌ളാറ്റിലേക്ക് റോഡ് നിര്‍മ്മിച്ചു

Saturday 21 October 2017 10:01 pm IST

വടക്കഞ്ചേരി: കനാല്‍ മണ്ണിട്ട് നികത്തി ഫ്‌ളാറ്റിലേക്ക് റോഡ് നിര്‍മ്മിച്ചു.കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെട്ട കൊഴുക്കുള്ളിയിലാണ് ജെസിബി ഉപയോഗിച്ച് കനാല്‍ പുറമ്പോക്കിലെ തന്നെ മണ്ണു പത്ത് അടിയോളം താഴ്ചയുള്ള കനാലിലേക്ക് തള്ളി പത്തടി വീതിയില്‍ റോഡ് നിര്‍മ്മിച്ചത്. വിവരമറിഞ്ഞ് റവന്യൂ വകുപ്പു് അധികൃതരും വടക്കഞ്ചേരി ഇറിഗേഷന്‍ കനാല്‍ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചെങ്കിലും പരാതിയില്ലെന്ന് പറഞ്ഞു നടപടി എടുത്തിട്ടില്ല. കനാല്‍ നികത്തിയതുമൂലം താഴേക്കുള്ള പാടശേഖരങ്ങളിലേക്ക് വെള്ളം ലഭിക്കില്ല. കഴിഞ്ഞവര്‍ഷം വരെ തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയ മംഗലംഡാമില്‍ നിന്നുള്ള കനാലാണ് നികത്തിയിരിക്കുന്നത്. നിയമം കാറ്റില്‍ പറത്തി കനാല്‍ പുറമ്പോക്കുകള്‍ വ്യാപകമായി കൈയേറി സ്വന്തമാക്കുന്നതിനു പുറമെയാണ് കനാല്‍ തന്നെ മണ്ണിട്ട് നികത്തി കൈയടക്കുന്നത്.പൊതുമുതല്‍ കൊള്ളയടിക്കുമ്പോള്‍ അത് സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമ ലംഘനത്തിന് കൂട്ടുനില്ക്കുന്നു എന്നാണ് കര്‍ഷകരുടെ പരാതി. കൃഷിക്കായി കനാലിലൂടെ വെള്ളം വിടുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കനാല്‍ പരിശോധന വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് നടക്കുന്നില്ല. മംഗലത്ത് ഫയര്‍‌സ്റ്റേഷനു പുറകിലായുള്ള കനാല്‍ പുറമ്പോക്ക് പ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികള്‍ വളച്ച് കെട്ടി സ്വന്തമാക്കി ഭൂമി വില്പനവരെ നടത്തുന്നുണ്ട്. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനു സമീപത്തെ കനാല്‍ മൂടിയാണ് ഇവിടെ നിന്നും റോഡ് ഉണ്ടാക്കിയത്.കൃഷി ഭവന്റെ മൂക്കിനു താഴെ നടന്ന ഈ അനധികൃത റോഡ് നിര്‍മാണവും പതിവു നടപടികളിലൊതുക്കി അവസാനിപ്പിച്ചു. ഇനി ഇവിടങ്ങളിലെ കനാലുകളെല്ലാം രേഖകളില്‍ മാത്രമെ ഉണ്ടാകു. നെല്‍കൃഷി പ്രോത്സാഹനത്തിന് ഇടക്കിടെ ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഇത്തരം കാര്യങ്ങളൊന്നും കാണാന്‍ ശ്രമിക്കുന്നില്ല. കനാലുകളിലെ ഒഴുക്കുകള്‍ക്ക് തടസം വന്നതോടെ ഡാമുകളില്‍ നിന്നും മെയിന്‍ കനാലുകളുടെ തുടക്കത്തിലുള്ള പാടശേഖരങ്ങളില്‍ മാത്രമാണ് രണ്ടാം വിള കൃഷിക്ക് വെള്ളം എത്തുന്നത്.ഈ വര്‍ഷം കനാല്‍ വൃത്തിയാക്കല്‍ അനിശ്ചിതത്വത്തിലായതിനാല്‍ വാലറ്റങ്ങളിലേക്ക് വെള്ളം എത്തുന്ന കാര്യവും സംശയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.