ചാണ്ടിയുടെ അനധികൃത നിര്‍മ്മാണം: നഗരസഭാ ഉത്തരവിന് പുല്ലുവില

Saturday 21 October 2017 10:07 pm IST

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ ഒത്തുകളിക്കുന്നു. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ നല്‍കിയ കാലാവധി കഴിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. രേഖകള്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ മാസം 22നാണ് നഗരസഭാ കൗണ്‍സില്‍ റിസോര്‍ട്ട് അധികൃതരോട് അവശ്യപ്പെട്ടത്. എന്നാല്‍ നോട്ടീസ് നല്‍കി ഒരു മാസമായിട്ടും മറുപടിയോ, ഇതു സംബന്ധിച്ച രേഖകളോ നല്‍കാന്‍ റിസോര്‍ട്ടുകാര്‍ തയ്യാറായിട്ടില്ല. ലേക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടാനുമതിയ്ക്കായി സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായതിനെ തുടര്‍ന്നാണ് രേഖകള്‍ നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം നല്‍കിയത്. റിസോര്‍ട്ട് നില്‍ക്കുന്ന ഭൂമിയുടെ ആധാരവും കരമടച്ച രസീതും കൈവശാവകാശ സര്‍ട്ടിഫക്കറ്റടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. ഇത് അനുസരിക്കാതിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഭരണനേതൃത്വം ഒത്തുകളിക്കുന്നു. പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ലേക് പാലസ് റിസോര്‍ട്ടില്‍ നഗരസഭ എഞ്ചിനീയര്‍ അനധികൃതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന നഗരസഭാ ചെയര്‍മാന്റെ പ്രഖ്യാപനവും പാഴായി. അതിനിടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ജീവനക്കാരും ഭരണപക്ഷവും തമ്മില്‍ പോര് ശക്തമായി. സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ സമരം ചെയ്തവര്‍ക്ക് സെക്രട്ടറി ശമ്പളം നല്‍കി. നഗരസഭ ചെയര്‍മാനെ മറികടന്നാണ് സെക്രട്ടറി പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കിയത്. 22 ദിവസം ജോലി ചെയ്തവര്‍ക്ക് 30 ദിവസത്തെ ശമ്പളം നല്‍കി. ഓഫീസില്‍ ഹാജരായി ഒപ്പിട്ട ശേഷം സമരം ചെയ്ത ദിവസത്തെ ശമ്പളം കൊടുക്കരുതെന്ന ചെയര്‍മാന്റെ നിര്‍ദ്ദേശമാണ് സെക്രട്ടറി ലംഘിച്ചത്. മന്ത്രിതലത്തിലെ ഇടപെടലിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ചെയര്‍മാന്റെ വിമര്‍ശനം. ഫലത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് അനുകൂലമായ നടപടികളാണ് യുഡിഎഫിന്റെയും, സിപിഎം അനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കാരുടെയും ഭാഗത്തു നിന്നുമുണ്ടാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.