ഭാസ്‌കര്‍ജിയെ ഓര്‍ക്കുമ്പോള്‍

Saturday 21 October 2017 10:18 pm IST

കെ.വി. ഭാസ്‌കര്‍ ഷേണായി എന്റെ സമപ്രായക്കാരനാണ്. അദ്ദേഹം ആര്‍എസ്എസ്സിന്റെ ജില്ലാ പ്രചാരകനായി പാലക്കാട് സേവനം അനുഷ്ഠിച്ച കാലഘട്ടത്തില്‍ ആരംഭിച്ച സൗഹൃദം മരണം വരെ തുടര്‍ന്നു. ഭാരതീയ വിദ്യാനികേതന്‍ എന്ന ഭാരതത്തിന്റെ സംസ്‌കാരത്തിന് ഇണങ്ങുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്ത വിദ്യാഭാരതി എന്ന അഖിലേന്ത്യാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ നടത്താന്‍ ഭാസ്‌കര്‍ജിയെയാണ് ആര്‍എസ്എസ് ചുമതലപ്പെടുത്തിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിന് പുരോഗതി കൈവരിക്കാന്‍ അതുല്യമായ സംഭാവനയാണ് ഭാസ്‌കര്‍ ജി നല്‍കിയത്. ഈ പ്രസ്ഥാനത്തിന് ആസ്ഥാനമായി പാലക്കാടിനടുത്തുള്ള കല്ലേക്കാട് എന്ന സ്ഥലം കണ്ടെത്തുകയും അത് വാങ്ങുകയും ചെയ്തു. വിദ്യാനികേതന്റെ പടിപടിയായുള്ള വളര്‍ച്ചയ്ക്ക് അദ്ദേഹം കാരണക്കാരനായി. അതോടൊപ്പം ടീച്ചേഴ്‌സ് ട്രെയിനിങ്ങിനു വേണ്ടിയുള്ള സ്ഥാപനം, ആര്‍എസ്എസ്സിന്റെ ഒടിസി പരിശീലന ക്യാമ്പ് നടത്തുന്നതിനുള്ള വിശാലമായ മൈതാനം, താമസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ എന്നിവ കെട്ടിപ്പടുത്തത് ഭാസ്‌കര്‍ജിയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ്. വിദ്യാഭ്യാസ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ബഹുജന സഹായം സമാഹരിക്കുകയും ആ രംഗത്ത് വലിയ നേട്ടം കൈവരിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. കടമ നിര്‍വ്വഹിക്കാനുള്ള ആന്തരിക ശക്തി നേടിയെടുത്തത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക രംഗത്തുള്ള നിഷ്ഠ കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌കൂള്‍ അങ്കണത്തില്‍ തന്നെ പ്രത്യേകം ബാല സരസ്വതി ക്ഷേത്രം നിര്‍മ്മിക്കുകയും അവിടെ തന്റെ ആദ്ധ്യാത്മികസാധനാ കേന്ദ്രമാക്കുകയും ചെയ്തു. വിദ്യാഭ്യസ രംഗത്ത് ഇന്ന് സേവനം നടത്തിവരുന്ന പ്രഗത്ഭ വിചക്ഷണന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കാണ് ഭാസ്‌കര്‍ജി വഹിച്ചിട്ടുള്ളത്. രാഷ്ട്രീയ രംഗത്തും സാമൂഹിക ജീവിതത്തെ സമ്പുഷ്ടമാക്കിയ വ്യത്യസ്ഥ മേഖലകളിലും ആര്‍എസ്എസ് അതികായന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ ഉന്നത പദവി അലങ്കരിച്ചിട്ടുള്ള വ്യക്തിയായിരുന്നു സ്‌നേഹസമ്പന്നനായ ഭാസ്‌കര്‍ജി. അദ്ദേഹവുമായി ബന്ധപ്പെടുന്നവര്‍ക്ക് വിസ്മരിക്കാനാകാത്ത വ്യക്തിപ്രഭാവം ബോദ്ധ്യമായിരുന്നു. എറണാകുളത്തെ വാണിജ്യരംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന സ്ഥാപനത്തില്‍ അംഗമായിരുന്ന് സുഖസൗകര്യങ്ങളെല്ലാം അനുഭവിക്കാവുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ച് തന്റേതായതെല്ലാം രാഷ്ട്രത്തിന് വേണ്ടി ഭാസ്‌കര്‍ജി സംഭാവന ചെയ്തു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ണമായി വിജയിപ്പിച്ചിട്ടുള്ള പ്രിയപ്പെട്ട ഭാസ്‌കര്‍ജിക്ക് നമോവാകം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റേത് ഭാരതമാതാവിന് കേരളം സംഭാവന ചെയ്ത വിലപ്പെട്ട ജീവിതമായിരുന്നു.